ഷൊർണൂർ നഗരസഭ: അമൃത് പദ്ധതിയിൽ 6.85 കോടി അനുവദിച്ചു
1538158
Monday, March 31, 2025 1:15 AM IST
ഷൊർണൂർ: ഷൊർണൂരിലെ കുളങ്ങൾ സംരക്ഷിക്കാനും പുഴയോരത്ത് പാർക്ക് നിർമിക്കാനും അമൃത് പദ്ധതിയിൽ 6.85 കോടി രൂപ അനുവദിച്ചു. ഷൊർണൂർ കുളഞ്ചീരി കുളം (80 ലക്ഷം രൂപ), കുളപ്പുള്ളി അന്തിമഹാകാളൻ കുളം (75 ലക്ഷം), ഷൊർണൂർ നരസിംഹമൂർത്തി ക്ഷേത്രക്കുളം (1.36 കോടി), എറുപ്പെ ക്ഷേത്രക്കുളം (2.5 കോടി), തവിട്ടുകുളം (19.80 ലക്ഷം), കുളത്തിക്കുളം (22 ലക്ഷം), പാലാട്ട് കുളം (19.80 ലക്ഷം), കാഞ്ഞിരക്കുഴി കുളം (32 ലക്ഷം) എന്നിവയാണ് നവീകരിക്കുക.
ഇതിനുപുറമെ ഭാരതപ്പുഴയോരത്ത് പാർക്ക് നിർമിക്കാൻ 50 ലക്ഷം രൂപയും അമൃത് പദ്ധതിയിലൂടെ അനുവദിച്ചിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ് അറിയിച്ചു. ജില്ലയിൽ ചിറ്റൂരിൽ ഒരു കുളം നവീകരിക്കാൻ ഒരു കോടിയും ഒറ്റപ്പാലത്ത് രണ്ട് കുളങ്ങൾ നവീകരിക്കാൻ ഒന്നര കോടിയുമാണ് അനുവദിച്ചിരിക്കുന്നത്.
ഷൊർണൂരിലെ പണികൾ രണ്ടുമാസത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യമെന്നു നഗരസഭാധ്യക്ഷൻ പറഞ്ഞു. അമൃത് പദ്ധതിയിലൂടെ ജില്ലയിൽ ഏറ്റവും കൂടുതൽ കുളങ്ങൾ സംരക്ഷിക്കുന്നത് ഷൊർണൂരിലാണ്.