അടച്ചിട്ട മുറിയിൽ എംഎൽഎയുടെ ചർച്ച പ്രതിഷേധത്തിനിടയാക്കി
1538759
Wednesday, April 2, 2025 2:00 AM IST
വടക്കഞ്ചേരി: ഡിവൈഎഫ്ഐ ഒഴികെയുള്ള സമരക്കാരെയും മറ്റു രാഷ്ട്രീയപാർട്ടി പ്രതിനിധികളെയും മാധ്യമപ്രവർത്തകരെയും പ്രവേശിപ്പിക്കാതെ പ്രദേശവാസികളുടെ ടോൾവിഷയത്തിൽ എംഎൽഎ ഓഫീസിന്റെ വാതിലടച്ച് നടത്തിയ ഒരുമണിക്കൂർനീണ്ട കൂടിക്കാഴ്ച വലിയ വാഗ്വാദങ്ങൾക്കിടയാക്കി.
പി.പി. സുമോദ് എംഎൽഎ, എഡിഎം കെ. മണികണ്ഠൻ, ടോൾകമ്പനി മാനേജർ മുകുന്ദൻ, അജിത്ത് കുമാർ, ഡിവൈഎഫ്ഐ നേതാക്കൾ തുടങ്ങിയവരാണ് എംഎൽഎ ഓഫീസിൽ ഒരുമണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയത്.
വാതിൽ അടച്ചിട്ടായിരുന്നു ചർച്ച. മറ്റാരെയും ഓഫീസിലേക്കു പ്രവേശിപ്പിച്ചില്ല. ഒന്നരയോടെ വാതിൽതുറന്ന് എംഎൽഎയും എഡിഎമ്മും ഒഴികെ മറ്റുള്ളവരെല്ലാം പുറത്തുപോയി. പിന്നീട് സമരക്കാരും മറ്റു രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഇക്കാര്യം ചൂണ്ടിക്കാട്ടി എംഎൽഎയും എഡിഎമ്മുമായി തർക്കം നടന്നു.
രഹസ്യചർച്ചകളിൽ ഡിവൈഎഫ്ഐക്കാരെമാത്രം ഉൾപ്പെടുത്തി മറ്റുള്ളവരെ ഒഴിവാക്കിയനടപടി ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ബഹളം നടന്നത്. വിവരമറിഞ്ഞ് സിഐ കെ.പി. ബെന്നിയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു. ഉച്ചയ്ക്ക് 12ന് എഡിഎമ്മിനെ പങ്കെടുപ്പിച്ച് റെസ്റ്റ്ഹൗസിൽ യോഗം നടത്തുമെന്നായിരുന്നു രാവിലെ എംഎൽഎ ടോൾപ്ലാസയിൽ സമരക്കാരോടു പറഞ്ഞത്.
ഇതനുസരിച്ച് 12നുതന്നെ എല്ലാ വിഭാഗം പ്രതിനിധികളും റെസ്റ്റ്ഹൗസിലെത്തി. എന്നാൽ ഇതിനിടെ എഡിഎമ്മും എംഎൽഎയും ടോൾകമ്പനി പ്രതിനിധികളും ഉൾപ്പെടെയുള്ളവർ എംഎൽഎ ഓഫീസിൽ കൂടിക്കാഴ്ച തുടങ്ങിയിരുന്നു.
12ന് ആരംഭിക്കുമെന്നുപറഞ്ഞ യോഗത്തിലേക്ക് എംഎൽഎയും എഡിഎമ്മും ഒരുമണിയായിട്ടും എത്താതായപ്പോഴാണു റെസ്റ്റ്ഹൗസിലുണ്ടായിരുന്നവരെല്ലാം എംഎൽഎ ഓഫീസിൽ എത്തിയത്.
ഈസമയം വാതിൽ അടച്ചിട്ടായിരുന്നു ചർച്ച. ഇതു സമരക്കാരെ പ്രകോപിപ്പിച്ചു. ഒന്നരയോടെയാണ് പിന്നീട് വാതിൽ തുറന്ന് കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ മറ്റുള്ളവർക്ക് അറിയാനായത്.
ഇല്ല്യാസ് പടിഞ്ഞാറെ കളം, ബാബു മാധവൻ, ബഷീർ, ജോണി ഡയൻ, ബോബൻ ജോർജ്, പി.കെ. ഗുരു, എൻ.വി. വാസുദേവൻ, സെയ്തലവി, സുരേഷ് വേലായുധൻ, മോഹനൻ പള്ളിക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.