കരിമ്പുഴ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത്
1538490
Tuesday, April 1, 2025 1:36 AM IST
ശ്രീകൃഷ്ണപുരം: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കരിമ്പുഴ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു. മാലിന്യമുക്ത പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ വാതിൽപ്പടി പ്ലാസ്റ്റിക് മാലിന്യ ശേഖരണം 100% നടപ്പിലാക്കുകയും, എല്ലാ വാർഡുകളിലും മിനി എംസിഎഫുകൾ സ്ഥാപിക്കുകയും ചെയ്തു. 38 ഹരിതകർമസേന അംഗങ്ങൾ ഉള്ള പഞ്ചായത്തിൽ ഒരു എംസിഎഫ് പ്രവർത്തിക്കുന്നു. 6 ജൈവ മാലിന്യസംസ്കരണ സംവിധാനങ്ങളും, 6 പൊതു ബിന്നുകളും, എല്ലാ വാർഡുകളിലും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ അയൽക്കൂട്ടങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, പൊതു സ്ഥലങ്ങൾ, ടൗണുകൾ എന്നിവക്ക് പൂർണഹരിതപദവി ലഭിച്ചതും നേട്ടമായി. 187 നിയമലംഘനങ്ങളിൽ നിന്നായി 28500 രൂപ പിഴ ഈടാക്കി. വീടുകളിൽ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്യുകയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
പ്രസിഡന്റ് കെ.എം. ഹനീഫ പ്രഖ്യാപന ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ അനസ് പൊമ്പറ അധ്യക്ഷത വഹിച്ചു.