മുങ്ങിമരണം ഒഴിവാക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് ആവശ്യം
1538492
Tuesday, April 1, 2025 1:36 AM IST
ചിറ്റൂർ: ജലാശയങ്ങളിൽ മുങ്ങിമരണം വർധിക്കുന്നത് കണക്കിലെടുത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഡ്സഭകൾ വിളിച്ച് രക്ഷിതാക്കൾക്ക് ബോധവത്കരണം നൽകണമെന്ന് ആവശ്യം.
രണ്ടുവർഷം മുന്പ് വണ്ടിത്താവളം പള്ളിമൊക്കിൽ സ്കൂൾ അവധി സമയത്ത് ബന്ധുവീട്ടിലെത്തിയ പത്താംതരം വിദ്യാർഥിനി കുളത്തിൽ വീണും, അമ്പാട്ടുപാളയം സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി പാട്ടികുളത്തെ സഹപാഠിയുടെ വീട്ടിലെത്തി പാറക്കുളത്തിലും മുങ്ങിമരിച്ച അപകടം നടന്നിട്ടുണ്ട്. ഒരോവർഷം കഴിയുമ്പോഴും സമാനമായ അപകടമരണങ്ങൾ കൂടിവരുന്നത് ഭീതിജനകമാവുകയാണ്. അവധിക്കാല സമയത്ത് രക്ഷിതാക്കൾ മക്കളെ ശ്രദ്ധിക്കാത്തതും അപകടം ക്ഷണിച്ചുവരുത്താൻ കാരണമാവുന്നുണ്ട്.
നെന്മേനിയിൽ ഇക്കഴിഞ്ഞദിവസം അമ്മയോടൊപ്പം കുളത്തിൽ കുളിക്കാൻ പോയ മകനും മരണപ്പെട്ട സംഭവം ഗ്രാമവാസികൾക്ക് നൊമ്പരമായി. താലൂക്കിൽ പത്ത് വർഷത്തിനിടെ നിരവധി ജീവനുകൾ ജലാശയങ്ങളിൽ പൊലിഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും വേനലവധി ആഘോഷിക്കാനെത്തി കമ്പാലത്തറ ഏരിയിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ മൂന്ന് വിദ്യാർഥികൾ മുങ്ങി മരണപ്പെട്ടിരുന്നു.
കോയമ്പത്തൂർ സ്വദേശിയായ ദമ്പതിമാർ തത്തമംഗലത്തെ ആഘോഷത്തിൽ പങ്കെടുക്കാനെത്തി മകൻ പുഴയിൽ കുളിക്കാൻ ചെന്നു മരണപ്പെട്ട സംഭവവും നടന്നിട്ടുണ്ട്. താലൂക്കിൽ പഞ്ചായത്ത് ഭരണസമിതികൾ, ജനപ്രതിനിധികൾ മുഖാന്തരം ലഘുലേഖകൾ വീടുകളിലെത്തിച്ചോ ഗ്രാമസഭകൾ വിളിച്ചുചേർത്തോ ബോധവത്കരണനടപടികളും പരിഹാര നടപടികളും എടുക്കണമെന്നാണ് ആവശ്യം. നിർധന കുടുംബങ്ങളിലെ വീടുകളിൽ രക്ഷിതാക്കൾ കൂലിപ്പണിക്കു പോവുമ്പോൾ മക്കൾക്ക് മതിയായ നിർദേശം കൊടുക്കാൻകഴിയാത്തതും അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്.