കോരയാർപുഴ പാലത്തിനിരുവശത്തും മാലിന്യം തള്ളുന്നു
1538489
Tuesday, April 1, 2025 1:36 AM IST
കൊഴിഞ്ഞാമ്പാറ: കോരയാർപുഴ പാലത്തിനിരുവശത്തും മാലിന്യം തള്ളുന്നതു തടയാൻ പഞ്ചായത്തധികൃതർ കാമറ സ്ഥാപിച്ചെങ്കിലും വീണ്ടും മാലിന്യംതള്ളൽ ആരംഭിച്ചു.
പാലത്തിന്റെ തെക്കുഭാഗത്താണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. നിലവിൽ പാലത്തിന്റെ വടക്കുഭാഗത്തെ സ്ഥലത്താണ് രാത്രിസമയങ്ങളിൽ മാലിന്യം തള്ളുന്നത്. ഈ മാലിന്യം നേരിട്ടു പുഴവെള്ളത്തിലാണെത്തുന്നത്.
മഴപെയ്താൽ ഒഴുകുന്ന ജലം കുടിവെള്ള തടയണകളിലുമെത്തി ജലത്തിൽ കലരുകയാണ്. പാലത്തിനിരുവശത്തും മാലിന്യം തള്ളുന്നതിനെതിരെ യാത്രക്കാരുടെ നിരന്തര പരാതിയെതുടർന്നാണ് തെക്ക് ഭാഗത്ത് കാമറ സ്ഥാപിച്ചത്. നിലവിൽ ഈ സ്ഥലത്ത് മാലിന്യം തള്ളുന്നില്ല.
മാലിന്യം തള്ളുന്നത് കാമറയിൽ പതിഞ്ഞാൽ ഭീമമായ സംഖ്യ പഞ്ചായത്തധികൃതർ പിഴചുമത്തുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പച്ചക്കറി മറ്റും അറവുമാലിന്യമാണ് ചാക്കിൽ കെട്ടിൽ പുഴയിൽ തള്ളിയിരിക്കുന്നത്. വിവിധ വേസ്റ്റ് ഭക്ഷിക്കാനെത്തുന്ന തെരുവുനായകളുടെ പരാക്രമം കാരണം പലതവണ ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടുമറിഞ്ഞ് യാത്രക്കാർക്ക് പരിക്കുപറ്റിയ സംഭവങ്ങൾ നടന്നിട്ടുണ്ട്.
അടിയന്തരമായി പാലത്തിന്റെ വടക്കുഭാഗത്തും നിരീക്ഷണകാമറ സ്ഥാപിക്കേണ്ടത് അനിവാര്യമായി.