മാലിന്യമുക്ത ജില്ലയാകാനൊരുങ്ങി പാലക്കാട്; പ്രഖ്യാപനം ഏപ്രിൽ ഏഴിന്
1538150
Monday, March 31, 2025 1:15 AM IST
പാലക്കാട്: മാലിന്യമുക്ത ജില്ലായാകാനൊരുങ്ങി പാലക്കാട്. സന്പൂർണ ശുചിത്വത്തിനായി സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിൻ പ്രവർത്തനങ്ങളുടെ പാലക്കാട് ജില്ലാതല പ്രഖ്യാപനം ഏപ്രിൽ ഏഴിനു ഉച്ചയ്ക്ക് പാലക്കാട് പ്രസന്നലക്ഷമി ഓഡിറ്റോറിയത്തിൽ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. മാലിന്യ സംസ്കരണമേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിക്കും. മികച്ച പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, സിഡിഎസ്, സ്ഥാപനം തുടങ്ങിയ മേഖലയിലാണ് അനുമോദനം നൽക്കുന്നത്.
മാലിന്യമുക്തം നവകേരളം ജനകീയ കാന്പനിനിന്റെ ഭാഗമായി ചേർന്ന ജില്ലാതല നിർവ്വഹണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ നവകേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ. പി. സെയ്തലവി റിപ്പോർട്ട് അവതരിപ്പിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എം.കെ. ഉഷ, ശുചിത്വമിഷൻ ജില്ലാ കേ ഓർഡിനേറ്റർ ജി. വരുണ്, കിലാ ഫെസിലിറ്റേറ്റർ കെ. ഗോപാലകൃഷ്ണൻ, മാലിന്യമുക്തം നവകേരളം കോ-ഓർഡിനേറ്റർ വൈ. കല്ല്യാണകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി. സേതുമാധവൻ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, കുടുബശ്രീ മിഷൻ പ്രതിനിധി, മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധി പങ്കെടുത്തു.