ഒറ്റപ്പാലം മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ നടപടി
1538151
Monday, March 31, 2025 1:15 AM IST
ഒറ്റപ്പാലം: മിനി സിവിൽ സ്റ്റേഷന്റെ പടിക്കെട്ടുകൾ കയറി ബുദ്ധിമുട്ടിലായവർക്കു ഒരു സന്തോഷവാർത്ത- കെട്ടിടത്തിന്റെ ലിഫ്റ്റ്പ്രവർത്തനക്ഷമമാക്കാൻ ധാരണയായി.
പത്തുവർഷത്തോളമായി പ്രവർത്തിക്കാതെ കിടക്കുന്ന ലിഫ്റ്റാണ് ഉടൻ പ്രവർത്തനക്ഷമമാക്കുന്നത്.
ഇതിനു മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിലെയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലിഫ്റ്റിന്റെ പരിശോധന പൂർത്തിയാക്കി. ഇനി മുകൾനിലയ്ക്ക് അഗ്നിരക്ഷാസേനയുടെ നിരാക്ഷേപപത്രം ലഭിക്കണം.
ഇതിനായി റവന്യുവകുപ്പ് പ്രത്യേക യോഗംചേരാനും തീരുമാനമായി. മുകൾനിലയ്ക്ക് അഗ്നിരക്ഷാസേനയുടെ നിരാക്ഷേപപത്രം ലഭിക്കാത്തതിനാലാണ് ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ സാധിക്കാഞ്ഞത്. പരിശോധനയിൽ ലിഫ്റ്റിനു കാര്യമായ കേടുപാടില്ലെന്നും പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചതായി താലൂക്ക് ഓഫീസ് അധികൃതർ പറഞ്ഞു.
2014 മേയിലായിരുന്നു മിനി സിവിൽസ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം. താഴത്തെനില കൂടാതെ മൂന്നുനിലകളാണ് കെട്ടിടത്തിനുള്ളത്. റെക്കോഡ് വേഗത്തിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടം ലിഫ്റ്റ് സൗകര്യം കൂടാതെയാണ് അന്ന് ഉദ്ഘാടനംചെയ്തത്. ദിവസങ്ങൾക്കകം ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കുമെന്നായിരുന്നു ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഉറപ്പ്.
പ്രഖ്യാപനത്തിനു ഒരുപതിറ്റാണ്ട് പൂർത്തിയായെങ്കിലും പരിഹാരമായില്ല. മുതിർന്നവരും ഭിന്നശേഷിക്കാരും ഉൾപ്പെടെ കെട്ടിടത്തിലെ സർക്കാർ ഓഫീസുകളിൽ വിവിധ സേവനങ്ങൾക്കായെത്തുന്ന നൂറുകണക്കിനുപേരാണ് ദിവസവും ചവിട്ടുപടികൾ കയറിയിറങ്ങി വലയുന്നത്.
വിവിധ നിലകളിലായി ആകെ 14 സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ലിഫ്റ്റില്ലാത്ത സാഹചര്യം. തുടർന്നാണ് കെ. പ്രേംകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗംചേർന്ന് ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കാൻ നടപടി തുടങ്ങിയത്.