നാട്ടുകാർ ഇടപെട്ടു; നിർദേശം ലംഘിച്ച ടവർനിർമാണം നിർത്തിവയ്പിച്ചു
1532727
Friday, March 14, 2025 1:42 AM IST
പാലക്കാട്: സ്റ്റോപ്പ് മെമ്മോ കിട്ടിയിട്ടും പണി നിർത്താതെ നിർമാണം തുടർന്ന കല്ലേപ്പുള്ളി പുത്തൂർ വെള്ളോലി ലൈനിലെ മൊബൈൽ ടവർ നിർമാണം നഗരസഭ ഓവർസിയർ സ്ഥലത്തെത്തി നിർത്തിവയ്പിച്ചു. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് കന്പനി ടവർനിർമാണം തുടരുന്നതിനെതിരേ നാട്ടുകാർ പരാതിയുമായി പാലക്കാട് നഗരസഭാ സെക്രട്ടറിയെ കണ്ടതിനുശേഷമായിരുന്നു നടപടി. വെള്ളോലി ലൈനിലെ ജനവാസമേഖലയിൽ വളരെ സമീപത്തായി മറ്റൊരു മൊബൈൽ ടവർ നിർമാണം വരുന്നതിനെ പ്രദേശത്തെ ജനങ്ങൾ എതിർത്തിരുന്നു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ജനങ്ങളുടെ എതിർപ്പ്. തുടർന്ന് വിഷയത്തിൽ ഇടപെട്ട ജില്ലാ കളക്ടർ ടെലകോം കമ്മറ്റി യോഗം ചേരുന്നതുവരെ മൊബൈൽ ടവർ നിർമാണം നിർത്തിവയ്ക്കാൻ ടവർ നിർമാണ കന്പനിക്ക് കത്ത് നൽകാൻ പാലക്കാട് നഗരസഭ സെക്രട്ടറിയോട് നിർദേശിച്ചിരുന്നു.
കത്ത് കിട്ടിയിട്ടും കന്പനി ടവർ നിർമാണം തുടർന്നതോടെയാണ് പ്രദേശവാസികൾ വീണ്ടും സംഘടിച്ച് ഇന്ന് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയത്. തുടർന്നാണ് നിർമാണം നടക്കുന്ന ഇടത്തേക്ക് ഓവർസിയറെ അയച്ച് ടവറിന്റെ നിർമാണം നിർത്തിവെപ്പിച്ചത്. വെള്ളോലി ഭാഗത്ത് മീറ്ററുകൾ മാത്രം വ്യത്യാസത്തിൽ മറ്റൊരു മൊബൈൽ ടവർ കൂടി പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന തീരുമാനത്തിലാണ് നാട്ടുകാർ. ജനകീയ സമിതി കണ്‍വീനർ ടി. വേണുഗോപാൽ, സമിതി അംഗം ഷാജി പ്രദേശവാസികൾ എന്നിവരാണ് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകാൻ എത്തിയത്.