കല്ലഞ്ചിറ റോഡരികിൽ മാലിന്യംതള്ളുന്നവരെ പിടികൂടണം
1532714
Friday, March 14, 2025 1:42 AM IST
ചിറ്റൂർ: കല്ലഞ്ചിറ - പെരുവെമ്പ് പാതയരികിൽ മാലിന്യം തള്ളുന്നത് തടയാൻ പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. കോഴിയിറച്ചിമാലിന്യംകാരണം അതീവ ദുർഗന്ധമുണ്ടായതിനാൽ വാഹന - കാൽനടയാത്ര ദുഷ്കരമായി.
മേട്ടുപ്പാളയം, തത്തമംഗലം ഭാഗത്തുനിന്നും പാലക്കാട്ടേക്ക് വരുന്ന വാഹനങ്ങൾ ദൂരക്കുറവെന്നതിനാൽ കല്ലഞ്ചിറ വഴിയാണ് സഞ്ചാരം.
മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകൾ ഇരുചക്രവാഹനയാത്രികർക്ക് ഭീഷണിയാണ്.
രാത്രിസമയങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യം ഇരുചക്ര വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളുന്നെന്ന ആരോപണവും ശക്തമാണ്. അടിയന്തരമായി നിരീക്ഷണകാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടണമെന്ന ആവശ്യം ശക്തമായി.