പുഴയിൽ കക്കൂസ്മാലിന്യം തള്ളി; ആയിരങ്ങളുടെ കുടിവെള്ളം മുടങ്ങി
1532394
Thursday, March 13, 2025 1:54 AM IST
മണ്ണാർക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന് അമ്പലപ്പാറ തുളക്കല്ല് പാലത്തിന് സമീപം വെള്ളിയാർപുഴയിൽ കക്കൂസ് മാലിന്യം തള്ളി. ഇതോടെ പുഴയെ ആശ്രയിക്കുന്ന ആയിരങ്ങളുടെ കുടിവെള്ളം മുടങ്ങി. ഇന്നലെ പുലർച്ചെ കുളിക്കാൻ എത്തിയവരാണ് പുഴയിൽ കക്കൂസ് മാലിന്യം കലർന്നതായി അറിയുന്നത്. നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ലോഡുകണക്കിന് കക്കൂസ്മാലിന്യം പുഴയിൽ തള്ളിയിട്ടുണ്ടെന്ന് മനസിലാകുന്നത്.
തുടർന്ന് പോലീസിനെയും ആരോഗ്യവകുപ്പ് അധികൃതരെയും വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടർനടപടികൾ സ്വീകരിച്ചു. പുഴയിലെ വെള്ളം കുടിക്കാൻ ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളിയാർ പുഴയിൽനിന്നും വെള്ളം ഉപയോഗിക്കുന്ന ആയിരങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. കാപ്പുപറമ്പ്, തുളക്കല്ല്, മുണ്ടക്കുന്ന്, കണ്ണംകുണ്ട്, പൂക്കാടഞ്ചേരി, പാലക്കടവ് തുടങ്ങിയ മേഖലയിലുള്ളവർ ഒരു കാരണവശാലും ഒരറിയിപ്പുണ്ടാകുന്നതുവരെ വെള്ളിയാർപുഴയിലെ വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിനിടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വാർഡ് മെംബർ സലാമും ചേർന്ന് വെള്ളം ശുദ്ധീകരിക്കാനുള്ള ശ്രമം നടത്തി. എന്നാൽ ശ്രമം പാഴായതോടെ ആ പദ്ധതി ഉപേക്ഷിച്ചു. ഇനി മഴപെയ്ത് വെള്ളം ശുദ്ധിയാകുന്നതുവരെ പുഴയിലെ വെള്ളം ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ.