വർണാഭമായി വലിയാറാട്ട് : മണ്ണാർക്കാട് പൂരത്തിന് ഇന്നു സമാപനം
1532722
Friday, March 14, 2025 1:42 AM IST
മണ്ണാർക്കാട്: ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ നടന്ന വലിയാറാട്ട് വർണാഭമായി. രാവിലെമുതൽ ക്ഷേത്രത്തിൽ ആയിരങ്ങളാണ് എത്തിയത്. രാവിലെ 8.30ന് ആറാട്ടെഴുന്നള്ളിപ്പ് നടന്നു.
കേരളത്തിലെ പ്രഗത്ഭ വാദ്യ കലാകാരന്മാർ അണിനിരന്ന മേജർ സെറ്റ് പഞ്ചവാദ്യത്തോടെയാണ് ആറാട്ടെഴുന്നള്ളിപ്പ് നടന്നത്. ഉച്ചയ്ക്ക് 12.30 വരെ നടന്ന ആറാട്ടെഴുന്നള്ളിപ്പിൽ അഞ്ച് ഗജവീരന്മാർ അണിനിരന്നു.
രാവിലെ 11 മുതൽ കുന്തിപ്പുഴ ആറാട്ടുകടവിൽ നടന്ന കഞ്ഞിപ്പാർച്ച ഭക്തിസാന്ദ്രമായി. വിവിധ ദേശങ്ങളിൽ നിന്നും എത്തിയ ഭക്തർ മണിക്കൂറുകൾ കാത്തു നിന്നാണ് ഭഗവതിയുടെ പേരിലുള്ള കഞ്ഞിപ്പാർച്ചയിൽ പങ്കെടുത്തത്.
അമേരിക്കയിലുള്ള ഡോക്ടർ രുഗ്മിണി പത്മകുമാറിന്റെ പ്രത്യേക ധനസഹായത്തോടെയായിരുന്നു കഞ്ഞിപ്പാർച്ച നടന്നത്. പ്രത്യേകരീതിയിൽ തയ്യാറാക്കിയ കഞ്ഞിയും പയറും പാളപാത്രത്തിൽ വാങ്ങാൻ ആയിരങ്ങൾ എത്തിയിരുന്നു. അട്ടപ്പാടിയിൽ നിന്ന് ഗോത്രവർഗത്തിൽപെട്ട നിരവധിപേരും കഞ്ഞിപ്പാർച്ചയിൽ പങ്കെടുക്കാൻ തലേദിവസം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു.
12.30 മുതൽ ഒരു മണി വരെ ക്ഷേത്രത്തിൽ മേളം, നാദസ്വരം ഉച്ചയ്ക്കുശേഷം മൂന്നുമണി മുതൽ അച്ചുമണി വരെ ഓട്ടൻതുള്ളൽ, അഞ്ചുമുതൽ ആറുവരെ ഡബിൾ നാദസ്വരം, ആറുമുതൽ എട്ടുമണിവരെ ഡബിൾ തായമ്പക എന്നിവ നടന്നു.
രാത്രി ഒമ്പതിന് ആറാട്ടെഴുന്നള്ളിപ്പ് തുടങ്ങി. നൂറോളം കലാകാരന്മാർ അണിനിരന്ന പാണ്ടിമേളം, ഇടയ്ക്ക് പ്രദക്ഷിണം, കാഴ്ചശീവേലി, കുടമാറ്റം എന്നിവ പൂരപ്രേമികൾക്ക് ഹരമായി.
ഇന്നാണ് ചെട്ടിവേല നടക്കുന്നത്. വൈകുന്നേരം മൂന്ന് മണി മുതൽ നാലുവരെ യാത്രാബലി താന്ത്രിക ചടങ്ങുകൾ എന്നിവ ക്ഷേത്രത്തിൽ നടക്കും. തുടർന്ന് നാലുമണി മുതൽ ആറു മണി വരെ പഞ്ചവാദത്തോടുകൂടി സ്ഥാനീയ ചെട്ടിയന്മാരെ ആനയ്ക്കൽ, ദേശവേലകൾ, ഘോഷയാത്ര എന്നിവ നടക്കും. നാലുമണിയോടെ നെല്ലിപ്പുഴയിൽ വിവിധ ദേശങ്ങളിൽ നിന്നുള്ള വേലകൾ സംഗമിക്കും.
തുടർന്ന് സ്ഥാനീയ ചെട്ടിയാന്മാരും ക്ഷേത്രകമ്മിറ്റി ഭാരവാഹികളും മുൻനിരയിലും പിന്നിലായി ദേശവേലകളും അണിനിരക്കുന്ന വർണാഭമായ ഘോഷയാത്രയാണ് ഇന്ന് മണ്ണാർക്കാട് നഗരത്തിൽ നടക്കുക.
ഉച്ചയ്ക്ക് രണ്ടുമുതൽ നഗരത്തിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.