വാടാനംകുറുശി മേൽപ്പാലം ഏപ്രിലിൽ തുറക്കുമെന്നു മന്ത്രി
1532725
Friday, March 14, 2025 1:42 AM IST
ഷൊർണൂർ: വാടാനാംകുറുശി മേൽപ്പാലം ഏപ്രിൽ മാസത്തോടെ തുറന്നുകൊടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ്. നിർമാണോദ്ഘാടനം കഴിഞ്ഞ് നാലുവർഷമായിട്ടും മേൽപ്പാലം നിർമാണം പൂർത്തിയാവാത്ത സാഹചര്യത്തിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ ക്ക് നൽകിയ വിശദികരണത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പാലം നിർമാണകരാറുകാരനെ ഒഴിവാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. നിർമാണം തുടങ്ങുമ്പോൾ ഒരുവർഷത്തിനകം മേൽപ്പാലം നിർമാണം പൂർത്തീകരിച്ച് തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം. 2021 ജനുവരിയിലാണ് വാടാനാംകുറുശി മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻവഴി നടത്തിയത്. ഒരുവർഷത്തിനകം പാലം തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കോവിഡ് പ്രതിസന്ധിയടക്കം തടസമായി.
പിന്നീട് റെയിൽവേ അനുമതി ലഭിക്കുന്നതിലുള്ള താമസവും പ്രശ്നമായി. പ്രവൃത്തി ഇനിയും ബാക്കിയാണ്. പാലത്തിനുമുകളിൽ കോൺക്രീറ്റിംഗ് ഒരുവിധം പൂർത്തിയായിട്ടുണ്ട്. ഇനി ഇരുവശവും കൈവരിയും അനുബന്ധ റോഡുകളും നിർമിക്കേണ്ടതുണ്ട്. നിലവിൽ പാലംനിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും മെല്ലെപ്പോക്കാണ്. 2023 അവസാനം പദ്ധതി അവലോകനയോഗം പട്ടാമ്പിയിൽ ചേർന്നിരുന്നു. മൂന്നുമാസത്തിനകം പാലം തുറന്നുകൊടുക്കാൻ കഴിയുമെന്ന് പ്രഖ്യാപനം നടന്നെങ്കിലും ഇതുവരെയും ഗതാഗതയോഗ്യമായിട്ടില്ല.
റെയിൽവേ പാളത്തിനിരുവശത്തും കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിനായുള്ള കരാർ നടപടികൾ വൈകിയതും പദ്ധതി വൈകിപ്പിച്ചിട്ടുണ്ട്. ഇവിടെ റെയിൽവേ നേരിട്ടാണ് പ്രവൃത്തി നടത്തേണ്ടത്. നിലവിൽ ഈ ഭാഗത്തെ നിർമാണപ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഇതടക്കമുള്ള പ്രവൃത്തിയെല്ലാം പുരോഗമിക്കുകയാണെന്ന് അധികൃതർ പറയുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനാണ് പാലത്തിന്റെ നിർമാണച്ചുമതല.
പാലക്കാട്-പൊന്നാനി പാതയിൽ വാഹനഗതാഗതത്തിന് തടസമായാണ് വാടാനാംകുറുശി റെയിൽവേ ഗേറ്റുള്ളത്. ഗേറ്റടക്കുമ്പോൾ ആംബുലൻസടക്കമുള്ള വാഹനങ്ങൾ കുടുങ്ങിക്കിടക്കും. ഇത് പരിഹരിക്കാനാണ് മേൽപ്പാലം നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്. 2016-ൽ പാലത്തിന് കിഫ്ബി അനുമതിലഭിച്ചു. 680 മീറ്റർ നീളത്തിൽ രണ്ട് ലൈൻ റോഡും ഒരുവശം നടപ്പാതയുമായായാണ് പാലം നിർമിക്കുന്നത്. 10.15 മീറ്റർ വീതിയുണ്ടാകും. 32.49 കോടി ഫണ്ടിലാണ് പാലംനിർമാണം നടക്കുന്നത്. വാടാനാംകുറുശി മേൽപ്പാലം നിർമാണം വൈകിപ്പിക്കുന്ന കരാറുകാരനെതിരേ നടപടി വേണമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ നിയമസഭയിലാണ് ആവശ്യപ്പെട്ടിരുന്നു.
വളരെകുറച്ച് പണിക്കാരെവെച്ചാണ് നിർമാണപ്രവൃത്തി നടത്തുന്നതെന്നും വളരെവേഗം പൂർത്തീകരിക്കാവുന്ന പദ്ധതിയായിട്ടും മെല്ലെപ്പോക്കാണ് കരാർകമ്പനിക്കെന്നും എംഎൽഎ പറഞ്ഞു.
റെയിൽപ്പാളത്തോട് ചേർന്നുള്ള പാലംനിർമാണം ഇനിയും പൂർത്തിയാവാനുണ്ടെന്നും മറ്റുള്ളപണി ഉടൻ പൂർത്തിയാവുമെന്നും മന്ത്രി മുഹമ്മദ് റിയാസ് മറുപടിയായി പറഞ്ഞു. കരാറുകാരനുമായി ബന്ധപ്പെട്ട പരാതിയിൽ ഇടപെട്ടിട്ടുണ്ടന്നും മന്ത്രി വ്യക്തമാക്കി.