‘നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ദിവസവും ഡോക്ടറുടെ സേവനം വേണം’
1532716
Friday, March 14, 2025 1:42 AM IST
നെല്ലിയാമ്പതി: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എല്ലാ ദിവസവും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തം. തോട്ടം തൊഴിലാളികളും ആദിവാസികളും അടങ്ങുന്ന സാധാരണക്കാരായ കുടുംബങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയിൽ ഉള്ള ഒരു ഡോക്ടർ അവധിയിലോ മറ്റ് ഔദ്യോഗിക ജോലികൾക്കോ പുറത്തു പോയാൽ ബദൽ സംവിധാനം ഏർപ്പെടുത്താത്തതു രോഗികളെ ഏറെ വലയ്ക്കുന്നതായി പരാതിയുണ്ട്.
കഴിഞ്ഞദിവസം ഡോക്ടർ ഇല്ലാതെ വന്നതോടെ ആശുപത്രിയിൽ എത്തിയ രോഗികൾക്ക് 30 കിലോമീറ്റർ അകലെയുള്ള നെന്മാറ എത്തിയാണു ചികിത്സ ലഭ്യമാക്കിയത്. പല പദ്ധതികളുടെ പേരിൽ ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഉപകരണങ്ങൾ നോക്കുകുത്തിയായി കിടക്കുകയാണ്. ലാബ് ഉപകരണങ്ങൾ ഉണ്ടെങ്കിലും കൈകാര്യം ചെയ്യാനുള്ള ടെക്നിഷ്യൻ ഇല്ലാത്തതു കൊണ്ടു പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. രണ്ട് ആംബുലൻസ് ഉണ്ടെങ്കിലും വർഷങ്ങളായി കട്ടപ്പുറത്താണ്.
എല്ലാ ദിവസവും ഡോക്ടറുടെ സേവനവും ലാബ് പരിശോധന ഉൾപ്പെടെ മറ്റു മെച്ചപ്പെട്ട സേവനങ്ങളും ഏർപ്പെടുത്തണമെന്നു നാഷനൽ ജനതാദൾ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.എസ്. പ്രസാദ് ആവശ്യപ്പെട്ടു.