സ്റ്റേ കമ്പിയിൽനിന്നു ഷോക്കേറ്റ് വയോധിക മരിച്ചു
1532317
Wednesday, March 12, 2025 11:09 PM IST
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കെത്തറയിൽ ഷോക്കേറ്റ് വയോധിക മരിച്ചു. തെക്കേത്തറ മാണിക്യപ്പാടം പരേതനായ വേലായുധന്റെ ഭാര്യ കല്യാണി(75)യാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സ്വകാര്യവ്യക്തിയുടെ പറമ്പിലെ പണികഴിഞ്ഞു വീട്ടിലേക്കു പോകാൻ റോഡിലേക്കു കടക്കുന്നതിനിടെ വൈദ്യുതി പോസ്റ്റ് വലിച്ചുകെട്ടിയ സ്റ്റേ കമ്പനിയിൽനിന്നു ഷോക്കേൽക്കുകയായിരുന്നു. പറമ്പിൽനിന്നു റോഡിലേക്കിറങ്ങുന്ന ഇടുങ്ങിയ വഴിയിലെ സ്റ്റേ കമ്പിക്കടുത്താണ് ഇവർ ഷോക്കേറ്റുകിടന്നിരുന്നത്.
സംഭവം കണ്ടയുടൻ സമീപവാസികളും മറ്റും ചേർന്ന് ഉണങ്ങിയ തോട്ടി ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് ഫയർഫോഴ്സ് എത്തി വയോധികയെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചു.
സ്റ്റേ കമ്പിയും വീട്ടിലേക്കുള്ള സർവീസ് വയറും കൂട്ടിമുട്ടി സ്റ്റേ കമ്പിയിലേക്കു വൈദ്യുതി പ്രവഹിച്ചതാകുമെന്നാണ് കരുതുന്നത്. വൈകീട്ട് പ്രദേശത്തു ചാറ്റൽമഴയുമുണ്ടായിരുന്നു.
താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. മക്കൾ: ലീല, തങ്കമണി, പ്രീത. മരുമക്കൾ: രാമകൃഷ്ണൻ, റെജിമോൻ, ശങ്കർ.
വടക്കഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ കെഎസ്ഇബിയുടെ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.