കുടിവെള്ളവിതരണം ഒന്നിടവിട്ട ദിവസങ്ങളിൽ; ഷൊർണൂരിൽ പ്രതിഷേധം കനക്കുന്നു
1532712
Friday, March 14, 2025 1:42 AM IST
ഷൊർണൂർ: ചൂടു കൂടുന്നു, ജലാശയങ്ങൾ വറ്റിവരണ്ടു. കുടിവെള്ളക്ഷാമം രൂക്ഷമാകാതിരിക്കാൻ ഷൊർണൂരിൽ ജലവിതരണം ഒന്നിടവിട്ട ദിവസങ്ങളിലാക്കി. ഷൊർണൂർ -ചെറുതുരുത്തി തടയണയിൽ വേനൽക്കാലത്തെ അതിജീവിക്കാൻ മാത്രം ജലം ഇല്ലാത്തതാണ് ജലവിതരണം ഒന്നിടവിട്ട ദിവസങ്ങളിൽ ആക്കാൻ കാരണമെന്നാണ് സൂചന. വേനൽ കനക്കുംമുൻപ് ഷൊർണൂരിൽ കുടിവെള്ളവിതരണത്തിന് നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ വിമർശനമുയർന്നിട്ടുണ്ട്.
സമഗ്രകുടിവെള്ളപദ്ധതിയുള്ള ഷൊർണൂരിലാണ് വേനൽ കനക്കുംമുൻപേ കുടിവെള്ളവിതരണത്തിന് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. 35 കോടിയുടെ കുടിവെള്ളപദ്ധതിയും ജലശുദ്ധീകരണശാലയും പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കലുമെല്ലാം പൂർത്തിയാക്കിയ ഷൊർണൂരിലാണ് ഈ അവസ്ഥ. തടയണയിൽ വെള്ളമുണ്ടെന്നും വെള്ളത്തിന് ക്ഷാമമില്ലെന്നും ജല അഥോറിറ്റി അധികൃതർ പറയുന്നുണ്ട്.
പിന്നെ എന്തിനാണ് കുടിവെള്ളനിയന്ത്രണമെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല. പൈപ്പ് പൊട്ടലുണ്ടായാൽ അത് പരിഹരിക്കാനാണ് ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ളവിതരണം ക്രമീകരിച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഷൊർണൂർ നഗരസഭ, വാണിയംകുളം പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള സമഗ്രകുടിവെള്ളപദ്ധതിയാണിത്.
ഗണേശ്ഗിരി, മുണ്ടായ, പരുത്തിപ്ര, നെടുങ്ങോട്ടൂർ, കുളപ്പുള്ളി, കാരക്കാട്, കവളപ്പാറ, കയിലിയാട് റോഡ്, പൊയ്ലൂർ, കണയം ഭാഗങ്ങളിലേക്കെല്ലാം വെള്ളമെത്തുന്നത് ഷൊർണൂരിൽനിന്നാണ്. ഇതിനുപുറമേയാണ് വാണിയംകുളം പഞ്ചായത്തിലേക്ക് നൽകുന്നത്. കുളപ്പുള്ളി, കാരക്കാട്, കവളപ്പാറ, കയിലിയാട് റോഡ്, പൊയ്ലൂർ, കണയം ഭാഗത്തേക്ക് കുളപ്പുള്ളിയിലെ ടാങ്കിൽനിന്നാണ് വെള്ളം വിതരണംചെയ്യുന്നത്. ഷൊർണൂരിലെ ടാങ്കിൽനിന്ന് ഗണേശ്ഗിരി, മുണ്ടായ, പരുത്തിപ്ര, നെടുങ്ങോട്ടൂർ ഭാഗത്തേക്കും നൽകുന്നുണ്ട്.
കുടിവെള്ള വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തിയ അധികൃതരുടെ തീരുമാനത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഷൊർണൂരും പരിസരപ്രദേശങ്ങളും ഏറ്റവും അധികം ജലക്ഷാമം നേരിടുന്ന മേഖലകളാണ്. പ്രദേശത്ത് ഭൂരിഭാഗം കിണറും ഇതിനകം തന്നെ വറ്റിവരണ്ട് വെള്ളമില്ലാതെ ജനങ്ങൾ വിഷമിക്കുന്ന അവസ്ഥയാണ്.