ജനവാസകേന്ദ്രത്തിൽ മാലിന്യം തള്ളിയതു നീക്കാൻ നടപടി തുടങ്ങി
1532718
Friday, March 14, 2025 1:42 AM IST
കൊഴിഞ്ഞാമ്പാറ: എരുത്തേമ്പതി പഞ്ചായത്തിൽ ജനവാസമേഖലയിൽ ആശുപത്രിമാലിന്യം തള്ളിയ സംഭവത്തിൽ സമീപവാസികളുടെ പരാതിയിൽ കൊഴിഞ്ഞാമ്പാറ പോലീസും പഞ്ചായത്ത് അധികൃതരും നടപടികളെടുത്തു. മലയാണ്ടികൗണ്ടനൂർ വിനായകർകോളനി യിലെ വീടുകൾക്ക് സമീപമായാണ് മാലിന്യംതള്ളിയത്.
ഇക്കഴിഞ്ഞദിവസം അർധരാത്രിയാണ് വാഹനങ്ങളിൽ എത്തിച്ച മാലിന്യം വീടുകൾക്ക് നടുവിലായി തള്ളിയത് എന്നാണ് സമീപവാസികൾ പറയുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെതുടർന്ന് കൊഴിഞ്ഞാമ്പാറ പോലീസും എരുത്തേമ്പതി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ആർ. ശിവാനന്ദ്, ഉദ്യോഗസ്ഥരായ കെ. ജയൻ, എസ്. രാഹുൽ, പി. വൈഷ്ണവ് എന്നീ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ തൃശൂർ ഭാഗത്തുനിന്നും എത്തിച്ചതാണെന്നും കണ്ടെത്തി. സ്വകാര്യവ്യക്തിയുടെ പറമ്പിൽ കുഴിച്ചിടാൻ കൊണ്ടുവന്നതാണെന്നും കുഴിച്ചിടാൻ സമ്മതിക്കാതെവന്നതോടെ ഇവിടെ ഉപേക്ഷിച്ചതാണെന്നു പോലീസ് അറിയിച്ചു.
രാത്രികാലങ്ങളിൽ മേഖലയിൽ വ്യാപകമായി ഇത്തരത്തിൽ മാലിന്യം സ്വകാര്യ വ്യക്തികളുടെ തോപ്പുകളിൽ കൊണ്ടുവരുന്നത് വ്യാപകമാണെന്നും ഇതിനെതിരെ കർശനനടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മലയാണ്ടികൗണ്ടന്നൂരിൽ തള്ളിയ മാലിന്യം മാലിന്യം ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.