നാടിനെ ദുഃഖത്തിലാഴ്ത്തി കുരുവിളച്ചേട്ടന്റെ വിയോഗം
1532724
Friday, March 14, 2025 1:42 AM IST
കല്ലടിക്കോട്: ഇടക്കുറുശി, കരിമ്പ, കല്ലടിക്കോട് പ്രദേശങ്ങളിൽ നിറസാന്നിധ്യമായിരുന്ന പൂവത്തുംമൂട്ടിൽ പി.എം. കുരുവിളയുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. കേരള കോൺഗ്രസ് -ജേക്കബ് ഗ്രൂപ്പിന്റെ പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന കുരുവിള നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു.
വർഷങ്ങളോളം അട്ടപ്പാടി മേഖലയിലും കരിന്പ മേഖലയിലും ദീപിക പത്രത്തോടൊപ്പം മറ്റ് പത്രങ്ങളും മാസികകളും വിതരണം ചെയ്തിരുന്നത് കുരുവിളച്ചേട്ടനായിരുന്നു.
വെളുപ്പിനെ 3 മുതൽ 11 മണി വരെ നടന്നാണ് പുതുക്കാട്, മാച്ചാംതോട്, കരിമ്പ, കല്ലടിക്കോട് ഭാഗങ്ങളിൽ പത്രങ്ങളും മാസികകളും വിതരണം ചെയ്തിരുന്നത്. കരിമ്പ എക്യുമെനിക്കൽ പ്രസ്ഥാനത്തിലും കരിമ്പ ലിറ്റിൽ ഫ്ലവർ പള്ളിയുടെ പ്രവർത്തനങ്ങളിലും രാഷ്ട്രീയ- സാമൂഹ്യമേഖലകളിലും നിറസാനിധ്യമായിരുന്നു. കൂടാതെ തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ എല്ലാ വാർത്തകളും തയ്യാറാക്കി പത്ര ഓഫീസുകളിൽ എത്തിച്ചിരുന്നതും കുരുവിളയായിരുന്നു. പത്രവിതരണത്തിനിടയിൽ വാഹനം ഇടിച്ച് പരിക്കുപറ്റി ഏറെക്കാലം ചികിത്സയിലായിരുന്നു. ഇടിച്ച വാഹനത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അസുഖം ബാധിച്ച് കിടപ്പിലായപ്പോഴും ഫോണിലൂടെ കാര്യങ്ങൾ വിളിച്ച് അന്വേഷിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. നാട്ടിൽ എന്തു വിഷയങ്ങൾ ഉണ്ടായാലും അതു പരിഹരിക്കാൻ അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു. 4 മക്കളിൽ രണ്ടു പേർ വാഹനാപകടങ്ങളിൽ മരിച്ചത് കുരുവിളയെ മാനസികമായി തളർത്തി. ഒരു മകൻ സജി ബാംഗ്ലൂരിൽ വെച്ചും റെജി കരിമ്പയിൽ വെച്ചുമാണ്് വാഹനാപകടങ്ങളിൽ മരിച്ചത്. കുരുവിളച്ചേട്ടന്റെ മരണം ഉൽക്കൊള്ളാനാകാത്ത അവസ്ഥയിലാണ് നാട്. സംസ്ക്കാരം രാവിലെ ഒന്പതിന് കരിമ്പ ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ നടക്കും.