റോഡ് സുരക്ഷാപ്രവൃത്തിക്ക് 1.35 കോടി രൂപ അനുവദിച്ചതായി വി.കെ. ശ്രീകണ്ഠൻ എംപി
1532721
Friday, March 14, 2025 1:42 AM IST
പാലക്കാട്: ദേശീയപാത 966 ൽ നിരന്തരമായി വാഹനാപകടങ്ങൾ ഉണ്ടാകുന്ന പനയന്പാടം പ്രദേശത്തെ അപകടവളവിൽ സുരക്ഷാക്രമീകരണങ്ങൾക്കായി ഒരുകോടി 35 ലക്ഷം രൂപ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ അനുവദിച്ചതായി വി.കെ. ശ്രീകണ്ഠൻ എംപി യെ കേന്ദ്ര റോഡ് ഗതാഗത ഹൈവേ സഹമന്ത്രി അജയ് തംത രേഖാമൂലം അറിയിച്ചു.
കഴിഞ്ഞ ഡിസംബർ 12ന് നടന്ന വാഹനാപകടത്തിൽ നാല് വിദ്യാർഥിനികൾ അതിദാരുണമായി മരണപ്പെട്ട സംഭവം റൂൾ 377 പ്രകാരം എംപി ലോക്സഭയിൽ അവതരിപ്പിച്ച വിഷയത്തിൽ മറുപടി ആയിട്ടാണ് കത്ത്. അപകടസ്ഥലത്ത് ഹാർഡ് ഷോൾഡറുകൾ, ഫുട്പാത്ത് സ്ലാബ്, ഹാൻഡ് റെയിൽ എന്നിവ ഉൾപ്പെടുന്ന കോണ്ക്രീറ്റ് ഡ്രെയിനുകൾ, 450 മീറ്റർ നീളത്തിൽ മീഡിയനുകൾ, എഐ കാമറകൾ എന്നിവ സ്ഥാപിക്കും.
അപകടവളവ് നിവർത്താൻ വേണ്ടിവന്നാൽ റോഡ് വീതി കൂട്ടുന്നതിന് ആവശ്യമായി ഭൂമി ഏറ്റെടുക്കും. ഇതിനായുള്ള സാധ്യത വിശദമായ എൻജിനീയറിംഗ് പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പുതിയ ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമാണത്തിന് ശേഷം നിലവിലുള്ള ദേശീയപാത 966 വീതി കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്.
റോഡിന്റെ വിസ്തൃതി വർധിപ്പിക്കുവാൻ ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി എംപിയെ അറിയിച്ചു.
പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ നിരന്തരമായി നടന്ന അപകടങ്ങളിൽ നിരവധിപേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുള്ളതുകൊണ്ട് ഈ വിഷയം വളരെ ഗൗരവത്തോടുകൂടി കാണണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ടും എംപി ആവശ്യപ്പെട്ടിരുന്നു.