പന്നിയങ്കര ടോൾ: സബ്കമ്മിറ്റി ചർച്ച ഇന്നു കളക്ടറേറ്റിൽ
1532723
Friday, March 14, 2025 1:42 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെയും സ്കൂൾ വാഹനങ്ങളുടെയും ടോൾ വിഷയം സംബന്ധിച്ച് സബ് കമ്മിറ്റി യോഗം ഇന്ന് കളക്ടറേറ്റിൽ നടക്കും.
ജില്ലാ കളക്ടറെ കൂടാതെ കെ.രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ പി.പി.സുമോദ്, കെ.ഡി.പ്രസേനൻ, ടോൾ കമ്പനി പ്രതിനിധി, ദേശീയപാത അഥോറിറ്റി പ്രതിനിധി തുടങ്ങിയവർ ഉൾപ്പെടുന്ന ഏഴംഗ കമ്മിറ്റിയാണ് യോഗം ചേർന്ന് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.
ഇതിനുശേഷം വടക്കഞ്ചേരിയിൽ സർവകക്ഷി യോഗം വിളിച്ച് കമ്മിറ്റി തീരുമാനം അറിയിക്കും. തുടർന്നാകും തീരുമാനങ്ങൾ നടപ്പിലാക്കുക. ഈ മാസം 15നു മുമ്പ് ശാശ്വതതീരുമാനം ഉണ്ടാകണമെന്ന് കഴിഞ്ഞമാസം 18 ന് ചേർന്ന സർവകക്ഷിയോഗത്തിൽ തീരുമാനമെടുത്തിരുന്നു.ഇതിനായാണ് ഏഴംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നത്. പത്ത് കിലോമീറ്ററിലുള്ള പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നായിരുന്നു സർവകക്ഷി യോഗത്തിലെ ഏകകണ്ഠമായ അഭിപ്രായം.
എന്നാൽ അഞ്ച് കിലോമീറ്റർ ദൂരപരിധിയിൽ ടോൾ കമ്പനിയും നാഷണൽ ഹൈവേ പ്രതിനിധിയും ഉറച്ചു നിന്നതോടെയാണ് അന്തിമ തീരുമാനത്തിലെത്താനാകാതെ സബ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തിയത്. പി.പി. സുമോദ് എംഎൽഎ അധ്യക്ഷതയിലായിരുന്നു ഫെബ്രുവരി 18 ലെ യോഗം നടന്നത്.