മണ്ണാർക്കാട് പൂരം: ഇന്നു വലിയാറാട്ട്, നാളെ ചെട്ടിവേലയോടെ സമാപനം
1532398
Thursday, March 13, 2025 1:54 AM IST
മണ്ണാർക്കാട്: പ്രസിദ്ധമായ മണ്ണാർക്കാട് പൂരത്തിന്റെ പ്രധാനദിവസമായ വലിയാറാട്ട് ഇന്ന് ആഘോഷിക്കും. രാവിലെ 8.30 മുതൽ ആറാട്ടെഴുന്നെള്ളിപ്പ് ആരംഭിക്കും. തുടർന്ന് കേരളത്തിലെ പ്രഗത്ഭ വാദ്യകലാകാരന്മാർ അണിനിരക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം നടക്കും. രാവിലെ 11 മുതൽ ഒരുമണി വരെ കുന്തിപ്പുഴ ആറാട്ടുകടവിൽ കഞ്ഞിപ്പാർച്ച നടക്കും.
ക്ഷേത്രത്തിൽ 12.30 മുതൽ ഒരു മണി വരെ മേളം, നാദസ്വരം മൂന്നു മുതൽ അഞ്ചുവരെ ഓട്ടൻതുള്ളൽ എന്നിവയുണ്ടാകും. വൈകുന്നേരം അഞ്ചുമുതൽ ആറുവരെ ഡബിൾ നാദസ്വരം, ആറുമുതൽ എട്ടുവരെ ഡബിൾ തായമ്പക, ഒമ്പതുമുതൽ ആറാട്ടെഴുന്നെള്ളിപ്പ്, തുടർന്ന് ചൊവ്വല്ലൂർ മോഹനവാര്യരുടെ നേതൃത്വത്തിൽ നൂറോളം കലാകാരന്മാരുടെ പാണ്ടിമേളം, ഇടക്ക പ്രദക്ഷിണം, കാഴ്ചശീവേലി എന്നിവയുണ്ടാവും. കുടമാറ്റവും നടക്കും. ഇന്നലെയായിരുന്നു ചെറിയാറാട്ട്. രാവിലെ ഒന്പതുമുതൽ ക്ഷേത്രാങ്കണത്തിൽ ആനച്ചമയ പ്രദർശനം നടന്നു. ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ ഓട്ടൻതുള്ളൽ, 4.30 മുതൽ അഞ്ചു വരെ നാദസ്വരം 5.30 മുതൽ 7.30 വരെ തായമ്പക, 7. 30 മുതൽ 10 വരെ ബാനർജീസ് കനൽ ബാൻഡ് എന്നിവ നടന്നു.
മണ്ണാർക്കാട് പൂരത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള സ്ഥാനീയ ചെട്ടിയന്മാരെ ആനയിക്കൽ, ദേശവേലകൾ, ഘോഷയാത്ര എന്നിവ അടങ്ങുന്ന ചെട്ടിവേല നാളെ നടക്കും.
മണ്ണാർക്കാട് നഗരത്തിൽ നാളെ
ഗതാഗത നിയന്ത്രണം
മണ്ണാർക്കാട്: നഗരത്തിൽ നാളെ ചെട്ടിവേലയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മണ്ണാർക്കാട് പോലീസ് അറിയിച്ചു. കോഴിക്കോട്, പെരിന്തൽമണ്ണ ഭാഗത്തുനിന്നും മണ്ണാർക്കാട്, പാലക്കാട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ആര്യമ്പാവിൽ നിന്നും തിരിഞ്ഞ് ശ്രീകൃഷ്ണപുരം വഴി തിരുവാഴിയോട് ചെന്ന് പാലക്കാട് ഭാഗത്തേക്ക് പോകണം. അലനല്ലൂരിൽ നിന്നും വരുന്ന വാഹങ്ങൾ കുമരംപുത്തൂർ ചുങ്കത്ത് ആളെ ഇറക്കി തിരിച്ച് പോകണം.
പാലക്കാട് ഭാഗത്ത് നിന്നും മണ്ണാർക്കാട്, പെരിന്തൽമണ്ണ, കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുണ്ടൂരിൽ നിന്നും തിരിഞ്ഞ് കോങ്ങാട്, കടമ്പഴിപ്പുറം, വഴി ആര്യമ്പാവിലെത്തി പോകണം. മുണ്ടൂരിൽ നിന്നും വരുന്ന ചെറിയ വാഹനങ്ങൾ പൊന്നംകോട് നിന്നും തിരിഞ്ഞ് കാരാകുർശി, കരിമ്പുഴ വഴി തിരിഞ്ഞ് പോകണം.
അഗളി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ തെങ്കര ചെക്ക് പോസ്റ്റിൽ ആളെ ഇറക്കി തിരിച്ച് പോകണം. ചുങ്കം, ചങ്ങലീരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ബസ് സ്റ്റാന്റിൽ ആളെ ഇറക്കി തിരിച്ച് പോകണം.