തെങ്ങിൻതോട്ടങ്ങളിലെ തുള്ളിനനയ്ക്കായി നടപ്പാക്കിയ പദ്ധതിയിൽ വൻതട്ടിപ്പെന്നു സുമേഷ് അച്യുതൻ
1532405
Thursday, March 13, 2025 1:54 AM IST
പാലക്കാട്: കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ വഴി തെങ്ങിൻതോട്ടങ്ങളിലെ തുള്ളിനനക്കായി നടപ്പാക്കിയ പദ്ധതിയിൽ വൻതട്ടിപ്പെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ കർഷകരോടുള്ള വഞ്ചനക്ക് ഏറ്റവും ഒടുവിലത്തെ തെളിവാണിതെന്നും ഇതിനെതിരെ നാളെ മൂങ്കിൽമടയിൽ ജനകീയസംഗമം നടത്തുമെന്നും സുമേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കർഷകതാത്പര്യം എന്നും സംരക്ഷിക്കുമെന്ന് പറഞ്ഞ് ചിറ്റൂരിൽ നിന്നും എംഎൽഎയും മന്ത്രിയുമായ കൃഷ്ണൻകുട്ടി തൊട്ടതിലെല്ലാം കയ്യിട്ടുവാരുന്ന സ്ഥിതിയായി.
വിരമിച്ച ജീവനക്കാരെ ഉയർന്നതുക ശന്പളം നൽകി നിയമിച്ചാണ് കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിയിലൂടെ അഴിമതിക്ക് കളമൊരുക്കിയത്. ചിറ്റൂർ മേഖലയിലെ തെങ്ങിൻ തോട്ടങ്ങളിൽ 365 ദിവസവും വെള്ളം ലഭ്യമാക്കാനാണ് കന്പ്യൂട്ടറൈസ്ഡ് കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പിലാക്കിയത്.
ഇറിഗേഷൻ ജീവനക്കാരെ മൂലക്കിരുത്തി വിരമിച്ച ജീവനക്കാരെ നിയോഗിച്ച് 30 കോടിയോളം ചെലവിൽ അഞ്ച് പദ്ധതികളാണ് ചിറ്റൂർ മേഖലയിൽ നടപ്പിലാക്കിയത്. ഏക്കറിന് 70000 രൂപ വരെ ചെലവ് വരുന്ന പദ്ധതിക്കായി രണ്ടരലക്ഷം മുതൽ മൂന്നരലക്ഷം വരെയാണ് ചെലവഴിച്ചിരിക്കുന്നത്. ദിവസവും വെള്ളം ലഭ്യമാക്കുമെന്ന ഉറപ്പിൽ തുടങ്ങിയ പദ്ധതിയിൽ നിന്ന് ഒരുദിവസം പോലും വെള്ളം ലഭിച്ചില്ലന്നതും ക്രമക്കേടിന്റെ ആഴവും വ്യാപ്തിയും സൂചിപ്പിക്കുന്നു.
തെങ്ങിന് 1000 രൂപയിൽ താഴെ ചെലവ് വരുന്ന പദ്ധതിക്കായി 5000 രൂപ വരെയാണ് ചെലവഴിച്ചത്. ഗിർപശുവിനെ കൊണ്ടുവരൽ, അനർട്ട്, പാതിവില തട്ടിപ്പ് എന്നിവയിലെല്ലാം പങ്കുള്ള മന്ത്രി കെ. കൃഷണൻകുട്ടിക്ക് ഇതിലും വ്യക്തമായ പങ്കുണ്ടെന്നും സുമേഷ് അച്യുതൻ ആരോപിച്ചു.
കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂങ്കിൽമടയിൽ ജനകീയ സംഗമം നടത്തുന്നത്. എരുത്തേന്പതി,കൊഴിഞ്ഞാന്പാറ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ തട്ടിപ്പിനിരയായ കർഷകരും പങ്കെടുക്കും.
രാവിലെ 10ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ പരിപാടി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ കർഷക കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ, യുഡിഎഫ് ചെയർമാൻ പി. രതീഷ് എന്നിവരും പങ്കെടുത്തു.