പല്ലശന പാറമട പ്രശ്നം: ജനകീയകൂട്ടായ്മ പഞ്ചായത്തിന് മുന്നിൽ ധർണനടത്തി
1532715
Friday, March 14, 2025 1:42 AM IST
പല്ലശന: പല്ലശന ഗ്രാമപഞ്ചായത്തിലെ രണ്ടാംവാർഡിൽ ജനവാസമേഖലയോട് ചേർന്ന് പൂതാളികുന്നിൽ പാറമട പ്രവർത്തിക്കുന്നതുമൂലം നൂറു കണക്കിന് കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയും കർഷകരുടെ ഏക്കർകണക്കിന് കൃഷിനാശവും സമീപപ്രദേശത്തെ ജലസംഭരണികളിലേയും കുഴൽകിണറുകളിലേയും ജലം വറ്റിയതായും ആരോപിച്ച് ജനകീയ കൂട്ടായ്മ പഞ്ചായത്ത് ധർണനടത്തി. കുടിവെള്ളക്ഷാമം ഇപ്പോൾ രൂക്ഷമാണ്.
നിരവധി വീടുകൾക്ക് വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന സ്വകാര്യക്വാറിയുടെ പ്രവർത്തനം ഉടൻ നിർത്തി വെക്കണമെന്നവശ്യപ്പെട്ടാണ് ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തു ഓഫീസിനു മുന്നിൽ ധർണ നടത്തിയത്.
സി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ധർണാസമരം ഗ്രാമപഞ്ചായത്തംഗം എസ്.അശോകൻ ഉദ്ഘാടനം ചെയ്തു.
കെ. കണ്ടൻകുട്ടി, എ.ജി. കൃഷ്ണൻ, ആർ. കണ്ണപ്പൻ, സി. പ്രകാശ്, എൻ.അനന്തൻ, ആർ. ഷിജു, ജെ. വിഷ്ണു, കെ. മഹേഷ് കൃഷ്ണൻ, ജി. സന്തോഷ്, എ. രതീഷ് എന്നിവർ പ്രസംഗിച്ചു.