ചെറുമഴ അകമ്പടിയായി; ചിനക്കത്തൂരിൽ പൊൻപൂരം പെയ്തിറങ്ങി
1532395
Thursday, March 13, 2025 1:54 AM IST
ഒറ്റപ്പാലം: ചെറുമഴക്കൊപ്പം ജനസാഗരം സാക്ഷി, ചിനക്കത്തൂരിൽ പൊൻപൂരം പെയ്തിറങ്ങി. രാവിലെ ദേശങ്ങളിൽ കതിന മുഴങ്ങിയതോടെ ചിനക്കത്തൂരിൽ പൂരംപിറന്നു. പറയുടെ പ്രചണ്ഡതാളത്തിനൊത്ത് പൂതനും തിറയും ദേശങ്ങളിൽനിന്ന് കാവു തീണ്ടാനെത്തി. രാവിലെ ചെറുശേരി കുട്ടൻമാരാരുടെ നേതൃത്വത്തിലുള്ള ആറാട്ടുമേളത്തോടെ കാവിലെ ചടങ്ങുകൾക്ക് തുടക്കമായി.
അനുഗ്രഹവർഷം ചൊരിഞ്ഞ് മാഘമാസത്തിലെ മകം നാളിന്റെ പുണ്യവുമായി ഭഗവതി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു. കാവുതീണ്ടിയതോടെ താഴത്തെ കാവിൽ നടയടച്ചു.
ഉച്ചയ്ക്ക് രണ്ടുമണിയോടെ ദേശങ്ങളിൽ കുതിരയിളക്കൽ നടന്നു. ദേശക്കരുത്തിന്റെ ചുമലിലേറി അങ്കക്കലിയുടെ രൗദ്രത ആവാഹിച്ചെടുത്ത കുതിരക്കോലങ്ങൾ ചിനക്കത്തൂരിലേക്ക് അടിവെച്ചു. മൂന്നുമണിയോടെ കുതിരകൾ ചിനക്കത്തൂരിന്റെ പൂരപ്പറമ്പിൽ അണിനിരന്നു. കൊന്നും ചത്തും തീർന്ന ചാവേർപടയാളികളുടെ മാമാങ്ക സ്മരണകൾ പുനരാവർത്തനമായി. സങ്കീർത്തനമായി അയ്യയ്യോ വിളികളുടെ അലമുറകൾ..... വായുവിൽ നൃത്തം വെച്ച കുതിരക്കോലങ്ങൾ വിണ്ണിലേക്ക് പറന്നുയർന്നു.
അഭിനവ മാമാങ്കമാടിയ കുതിരകൾ യുദ്ധം അവസാനിപ്പിച്ചതോടെ കെട്ടുകാഴ്ചകളുടെ മഹാപ്രവാഹമായി. ഇതിനു മുമ്പ് തന്നെ അനുഷ്ഠാനകലാരൂപങ്ങളായ തേര്, തട്ടിന്മേൽകൂത്ത് എന്നിവ തിരുമുറ്റത്ത് ദേവിയെ വന്ദിച്ച് മടങ്ങിയിരുന്നു. ദേശങ്ങളിൽനിന്നെത്തിയ വേഷങ്ങളും, വാദ്യങ്ങളും ചിനക്കത്തൂരിന്റെ മനം നിറച്ചു.
വഴിപാടുകുതിരകളും കാളകളും പ്രത്യേക പൂരാഘോഷക്കാരും വാദ്യമേളത്തിന്റെയും കാവടിയാട്ടത്തിന്റെയും തെയ്യത്തിന്റെയും അകമ്പടിയോടെ കാവുകയറി. പിന്നീടാണ് ആനപ്പൂരമെത്തിയത്.
പടിഞ്ഞാറൻ, കിഴക്കൻ ചേരികളിലായി 27 ഗജവീരൻമാർ നെറ്റിപ്പട്ടംചൂടി അണിനിരന്നു. തുടർന്ന് കുടമാറ്റത്തിന്റെ മനംനിറച്ച കാഴ്ചയും ആവേശമായി. പടിഞ്ഞാറൻ ചേരിയിൽ ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരും കിഴക്കൻചേരിയിൽ ചെറുശേരി കുട്ടൻമാരാരും പഴുവിൽ രഘുമാരാരും മടങ്ങിയ മേളപ്രമാണിമാർ അണിനിരന്ന പാണ്ടിമേളവും പകൽപ്പൂരത്തിന്റെ ആകർഷണീയതയായി.
ആനപ്പൂരത്തിന് ശേഷം കിഴക്കൻപന്തിയുടെ വെടിക്കെട്ട് നടന്നു. ഇന്ന് പുലർച്ചെ അഞ്ചിന് വീണ്ടും ആനപ്പൂരം ഒരിക്കൽകൂടി കാവിൽ അണിനിരക്കും.
തുടർന്ന് തേര്, തട്ടിന്മേൽകൂത്ത് എന്നിവ ഒരിക്കൽ കൂടി തിരുമുറ്റത്തെത്തും. കുതിരകളിക്കുശേഷം ആറാടികുടിവെപ്പോടുകൂടിയാണ് പൂരം സമാപിക്കുക.