മനുഷ്യമാലിന്യ സംസ്കരണപ്ലാന്റ് നിർമാണസ്ഥലം കളക്ടർ സന്ദർശിച്ചു
1532400
Thursday, March 13, 2025 1:54 AM IST
തത്തമംഗലം: പുഴപ്പാലം മൃഗാശുപത്രി കോമ്പൗണ്ടിൽ മനുഷ്യവിസർജ്യ സംസ്കരണ പ്ലാന്റ് നിർമിക്കാൻ നഗരസഭ തീരുമാനിച്ച സ്ഥലം ജില്ലാ കളക്ടർ ജി. പ്രിയങ്ക സന്ദർശിച്ചു. പ്രാഥമിക നടപടിയെന്ന നിലയിൽ മണ്ണുപരിശോധന നടത്താൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർക്കു നിർദേശം നൽകി. പ്ലാന്റ് നിർമാണം സംബന്ധിച്ച് പിന്നീട് തീരുമാനിക്കാം എന്നറിയിച്ച് കളക്ടർ തിരിച്ചുപോയി.
ജനവാസകേന്ദ്രത്തിൽ മാലിന്യ പ്ലാന്റ് നിർമാണം പാടില്ലെന്ന് ആവശ്യപ്പെട്ട് സമീപവാസികൾ മണ്ണുപരിശോധന തടഞ്ഞിരുന്നു. ഇതിനെതുടർന്നാണ് ചിറ്റൂർ- തത്തമംഗലം നഗരസഭ മണ്ണുപരിശോധന നിർത്തിവച്ചത്. തുടർന്ന് കളക്ടറുടെ ചേംബറിൽ ജനപ്രതിനിധികളും നഗരസഭ ജീവനക്കാരും ചർച്ച നടത്തിയതിലാണ് ഇന്നലെ കളക്ടർ സംഭവസ്ഥലം സന്ദർശിച്ചത്.
എന്നാൽ കളക്ടർ സമീപവാസികളുടെ ആവശ്യം ചോദിച്ചറിയാതെ തിരിച്ചുപോയതിൽ ശക്തമായ പ്രതിഷേധമുണ്ടായി.
സമീപവാസികളുടെ വികാരം കണക്കിലെടുക്കാതെ പ്ലാന്റ് സ്ഥാപിക്കാൻ തുനിഞ്ഞാൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകി.
സ്ഥലം കൗൺസിലർ കെ.സി. പ്രീത്, നഗരസഭാ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ, ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, തറക്കളം മുരളി എന്നിവരും സംഭവസ്ഥലത്തെത്തിയിരുന്നു.
സംഭവസ്ഥലത്തു കൈക്കുഞ്ഞുങ്ങളുമായി നിരവധി വീട്ടമ്മമാരും മൃഗാശുപത്രി പരിസരത്തെത്തിയിരുന്നു.