മരിയൻ തീർഥകേന്ദ്രമായ വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളി തിരുനാളിന് നാളെ കൊടിയേറും
1497643
Thursday, January 23, 2025 2:01 AM IST
വടക്കഞ്ചേരി: രൂപതയിലെ പ്രഥമ മരിയൻ തീർഥകേന്ദ്രമായ വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിലെ തിരുനാളിന് നാളെ കൊടിയേറും. ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തിയതികളിലാണ് തിരുനാൾ. നാളെ വൈകുന്നേരം അഞ്ചിന് മണ്ണാർക്കാട് ഹോളി സ്പിരിറ്റ് ഫൊറോന പള്ളി വികാരി ഫാ. രാജു പുളിക്കതാഴെ കൊടിയേറ്റ് കർമം നിർവഹിക്കും.
തുടർന്ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി. 25 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നീ ശുശ്രൂഷകൾ ഉണ്ടാകും. ഫാ. ബിജു പ്ലാത്തോട്ടത്തിൽ, റവ. ഡോ. മാത്യു വാഴയിൽ, ഫാ. ബെറ്റ്സൺ തുക്കുപറമ്പിൽ, ഫാ. ലാലു ഓലിക്കൽ, ഫാ. ബിജു കല്ലിങ്കൽ, ഫാ. സണ്ണി വാഴേപറമ്പിൽ, ഫാ. ആന്റോ അരീക്കാട്ട് എന്നീ വൈദികർ കാർമികരാകും.
ഫെബ്രുവരി ഒന്നിന് വൈകീട്ട് 4.30ന് അസിസ്റ്റന്റ് വികാരി ഫാ. റ്റിബിൻ കരോട്ടുപുള്ളുവേലിപാറയിലിന്റെ കാർമികത്വത്തിൽ തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ. തുടർന്ന് വെള്ളപ്പാറ സാൻജോ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. സനിൽ കുറ്റിപ്പുഴക്കാരന്റെ കാർമികത്വത്തിൽ കുർബാന. പാലക്കാട് സ്റ്റാർസ് ഡയറക്ടർ ഫാ. അരുൺ കലമറ്റത്തിൽ സന്ദേശം നൽകും. 6.30ന് വോയ്സ് ഓഫ് കൊച്ചിൻ ഒരുക്കുന്ന ഗാനമേള. പ്രധാന തിരുനാൾ ദിവസമായ ഫെബ്രുവരി രണ്ടിന് ഞായറാഴ്ച രാവിലെ 6.30ന് കുർബാന. വൈകുന്നേരം 3.30ന് ആഘോഷമായ തിരുനാൾ കുർബാന. മുൻ വികാരിയും കാരാകുറിശി സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാ. ജെയ്സൺ കൊള്ളന്നൂർ കാർമികനാകും.
വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജ് ഡയറക്ടർ റവ. ഡോ. മാത്യു ഇല്ലത്തുപറമ്പിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് ടൗൺ ചുറ്റി പ്രദക്ഷിണം, ആശീർവാദം, ആകാശവിസ്മയം, ബാൻഡ്മേളം. മൂന്നിന് രാവിലെ 6. 30ന് ഇടവകയിലെ പരേതർക്കായുള്ള കുർബാന, സെമിത്തേരിയിൽ ഒപ്പീസ് എന്നിവയോടെ തിരുനാളിന് സമാപനമാകും.
വികാരി ഫാ. അഡ്വ. റെജി മാത്യു പെരുമ്പിള്ളിൽ, അസിസ്റ്റന്റ് വികാരി ഫാ. റ്റിബിൻ കരോട്ടുപുള്ളുവേലിപാറയിൽ, കൈക്കാരന്മാരായ ജോസ് വർഗീസ് ചുക്കനാനിക്കൽ, ജെയിംസ് ലൂക്കോസ് പൂതക്കുഴി, ജനറൽ കൺവീനർ ടെന്നി അഗസ്റ്റിൻ തുറുവേലിൽ, ജോയിന്റ് കൺവീനർ എലിസബത്ത് സേവ്യർ ചിരിയങ്കണ്ടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.