കടമ്പൂരിൽ പുലിയിറങ്ങിയെന്നത് വ്യാജപ്രചാരണമെന്ന് വനംവകുപ്പ്
1497416
Wednesday, January 22, 2025 6:55 AM IST
ഒറ്റപ്പാലം: അമ്പലപ്പാറ കടമ്പൂരിൽ പുലിയിറങ്ങിയെന്നത് വ്യാജപ്രചാരണമാണെന്നും ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ലെന്നും വനംവകുപ്പ്. കടമ്പൂർ ലക്ഷംവീട് പ്ലൈവുഡ് ഫാക്ടറിക്കുസമീപം പുലിയിറങ്ങിയെന്ന രീതിയിൽ ചിത്രം പ്രചരിപ്പിച്ചതിനെതിരെ വനംവകുപ്പ് പോലീസിൽ പരാതിയും നൽകി.
ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന ഇത്തരം വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വനംവകുപ്പ് പോലീസിനെ സമീപിച്ചത്.
കഴിഞ്ഞദിവസം രാത്രിയിൽ പ്രദേശത്ത് പുലിയിറങ്ങി എന്നായിരുന്നു അഭ്യൂഹം. പ്ലൈവുഡ് ഫാക്ടറിയിലെ അതിഥിത്തൊഴിലാളികൾ പുലിയെ കണ്ടെന്നായിരുന്നു പ്രചരിച്ചിരുന്നത്. തുടർന്നുള്ള രണ്ടുദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
എന്നാൽ അടുത്തുതന്നെയുള്ള കൂനൻമലയിൽ കാട്ടുപൂച്ചകളും കാട്ടുനായ്ക്കളും ധാരാളമായി ഉണ്ടെന്ന് വനംവകുപ്പ് പറയുന്നു. കണ്ടെന്ന് പറയപ്പെടുന്ന വന്യജീവിയെ പട്ടികൾവന്ന് ഓടിച്ചെന്നാണ് അതിഥിത്തൊഴിലാളികൾ പറയുന്നത്. എന്നാൽ, പുലിയാണെങ്കിൽ അത്തരത്തിൽ ഓടിപ്പോകില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
ഇതിനുപിന്നാലെയാണ് പുലിയെകണ്ടെന്ന രീതിയിൽ ഫോട്ടോവെച്ചുള്ള പ്രചാരണം. ഓൺലൈൻ ബ്ലോഗിൽനിന്നുള്ളചിത്രം ഉപയോഗിച്ചാണ് വ്യാജപ്രചാരണം നടത്തുന്നത്. വ്യാജമാണെന്നറിയാതെ സാമൂഹികമാധ്യമങ്ങൾവഴി ഇത് ഒരുപാടുപേർ പങ്കുവെക്കുന്നുമുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വനംവകുപ്പ് പോലീസിനെ സമീപിച്ചത്. ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനിലാണ് റേഞ്ച് ഓഫീസർ ടി.ടി. ബിനീഷ് കുമാർ പരാതിനൽകിയത്.
പ്രദേശത്തെ പ്ലൈവുഡ് കമ്പനിയിൽ പുലിയുടെ സാന്നിധ്യമുണ്ടായി എന്ന അഭ്യൂഹത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ. പ്രേംകുമാർ എംഎൽഎയും അറിയിച്ചു. കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രദേശത്ത് വനംവകുപ്പിന്റെ നിരീക്ഷണകാമറ സ്ഥാപിക്കാൻ ഡിഎഫ്ഒയ്ക്ക് നിർദേശം നൽകിയതായും എംഎൽഎ അറിയിച്ചു.