പാലക്കാടൻ ചൂട് കനത്തുതുടങ്ങി ; പൈനാപ്പിൾ ചെടികൾക്കും തണലൊരുക്കി കർഷകർ
1497421
Wednesday, January 22, 2025 6:55 AM IST
വടക്കഞ്ചേരി: ചൂട് കനത്തതോടെ പൈനാപ്പിൾ ചെടികൾക്ക് തണലൊരുക്കുകയാണ് സരീഷും സുഹൃത്തുക്കളും. മേഖലയിൽ ഇടമഴ ലഭിക്കാത്തതിനാൽ പൊതുവെ ചൂട് പ്രശ്നമല്ലാത്ത പൈനാപ്പിൾ ചെടികൾക്കും വേനൽ പരിചരണം ആവശ്യമാവുകയാണ്.
പാലക്കാടൻ ചൂടിന്റെ കാഠിന്യം കൂടിയാകുമ്പോൾ പൈനാപ്പിൾ ചെടികൾക്കത് താങ്ങാനാകില്ല. ഇതിനാൽ ഏഴര ഏക്കർ വരുന്ന തോട്ടത്തിൽ മുഴുവൻ ഗ്രീൻ നെറ്റ് വലിച്ചു കെട്ടി തണലൊരുക്കുകയാണ് കർഷകർ.
പരുവാശേരിയിൽ സ്ഥലം പാട്ടത്തിനെടുത്താണ് കളപ്പുരക്കൽ സരീഷും ബന്ധുവായ ബോബി ജേക്കബും സുഹൃത്തായ അജിയും ചേർന്ന് പൈനാപ്പിൾ കൃഷി നടത്തുന്നത്. സൈന്യത്തിലായിരുന്ന സരീഷ് റിട്ടയർ ചെയ്തപ്പോൾ കൃഷിയോടായി പിന്നെ കമ്പം. ബോബിയും അജിയും പങ്കാളികളായപ്പോൾ കൃഷി തുടങ്ങി. കഴിഞ്ഞ വർഷമാണ് പൈനാപ്പിൾ കൃഷി ആരംഭിച്ചത്. ആദ്യ വിളവെടുപ്പിൽ ലാഭം ഉണ്ടായില്ലെങ്കിലും വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്താതെ പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്ന് ഇവർ പറയുന്നു. ആദ്യ സംരംഭം എന്ന നിലയിൽ നഷ്ട കണക്കുകൾ കൂട്ടിക്കിഴിച്ച് സങ്കടപ്പെട്ടിരിക്കാനൊന്നും ഇവർ സമയം കളഞ്ഞില്ല.
ഈ വർഷവും പൈനാപ്പിൾ കൃഷി തന്നെ ആവർത്തിക്കുകയാണ് ചെറുപ്പക്കാരായ മൂവരും. ചൂട് കൂടിവരുന്നതിനാൽ നനക്കൊപ്പം ഇത്രയും സ്ഥലത്ത് പൈനാപ്പിൾ ചെടികൾക്കെല്ലാം പുതപ്പുപോലെ ഗ്രീൻ നെറ്റ് കെട്ടുന്നത് വലിയ പണച്ചെലവുണ്ടാക്കുന്നുണ്ട്. ഇത് ചെയ്തില്ലെങ്കിൽ ചെടികൾ വാടി കരുത്ത് കുറഞ്ഞ് കൈതച്ചക്കയുടെ വലുപ്പവും കുറയും.
ഒരു ചക്ക ഒരു കിലോയും അതിൽ കൂടുതലും ഉണ്ടെങ്കിലേ എ വൺ ക്വാളിറ്റി ഗണത്തിൽപ്പെടുത്തൂ. അതിൽ താഴെ തൂക്കമായാൽ ബി ഗ്രേഡ് ക്വാളിറ്റി, സി ഗ്രേഡ് അങ്ങനെ തരംതാഴും. എ വൺ ക്വാളിറ്റി പൈനാപ്പിളിന് ഇപ്പോൾ 35 രൂപ വില കിട്ടും. ഇങ്ങനെ ഒന്നര കിലോ വരെയുള്ള ചക്കയുണ്ടെങ്കിൽ കൃഷി ലാഭകരമാകൂ എന്ന് സരീഷ് പറഞ്ഞു. വിളവെടുപ്പ് സമയത്തെ വിലയനുസരിച്ചിരിക്കും കൃഷിയില ലാഭ - നഷ്ട കണക്കുകൾ ഉണ്ടാവുക. വാഴക്കുളത്തു നിന്നുള്ള കച്ചവടക്കാർ പൈനാപ്പിൾ വാങ്ങാൻ എത്തും. മിനിമം 10 ടൺ പൈനാപ്പിൾ എങ്കിലും വേണമെന്നു മാത്രം. മറ്റു വിളകളെപ്പോലെ പൈനാപ്പിളിനിപ്പോൾ വിപണി പ്രശ്നമല്ല. വാങ്ങാൻ ആളുണ്ട്.
എന്നാൽ പൈനാപ്പിളിന്റെ വിളവെടുപ്പ് വരെയുള്ള പരിചരണം വലിയ ചെലവേറിയതാണെന്ന് ഈ പുതുകർഷകർ പറയുന്നു. ചെടി നട്ട് 10 മാസം തുടർച്ചയായ പരിചരണം വേണം.
പുല്ലുപറിക്കൽ, പ്രദേശത്തെ കാടുവീശൽ, വളമിടൽ, നന, മറ്റു സംരക്ഷണം തുടങ്ങിയവ യഥാസമയം ഉണ്ടാകണം. പന്നി, മയിൽ, മരപ്പട്ടി എന്നിവയുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. ഇതിൽ നിന്നെല്ലാം വിളകളെ രക്ഷിച്ചെടുത്തു വേണം അധ്വാനത്തിന്റെ ഫലം കിട്ടാൻ.