മണ്ണാർക്കാട്- ചിന്നത്തടാകം റോഡ് വികസനം ഉടൻ പൂർത്തിയാക്കണമെന്നു വ്യാപാരികൾ
1497406
Wednesday, January 22, 2025 6:55 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട്- ചിന്നത്തടാകം റോഡ് വികസനം ഉടൻ പൂർത്തിയാക്കണമെന്നു വ്യാപാരികൾ. ചിന്നത്തടാകം റോഡുപണി പൂർത്തിയാക്കാത്തതു പൊതുജനങ്ങൾക്കും വ്യാപാരികൾക്കും വിദ്യാർഥികൾക്കും വളരെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
ആറായിരത്തിലധികം വിദ്യാർഥികളും ലക്ഷക്കണക്കിനു പൊതുജനങ്ങളും യാത്രാസൗകര്യത്തിനായി ഉപയോഗിക്കുന്ന റോഡാണ് കഴിഞ്ഞ ഒരുവർഷമായി ഇത്തരം അനാസ്ഥയിൽ കിടക്കുന്നത്.
പൊടിതിന്ന് രോഗികളായി ജീവിക്കുകയാണ് പരിസരവാസികളും നാട്ടുകാരും. നിരവധി വ്യാപാര സ്ഥാപനങ്ങൾ പൊടിശല്യം കാരണം നിർത്തിപ്പോയി. ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ പൊടിപിടിച്ചു നശിച്ചു കൊണ്ടിരിക്കുന്നു. സ്ഥാപനങ്ങൾ പൂട്ടിപ്പോകുന്നത് കാരണം ലോണെടുത്ത് ബിൽഡിംഗ് കെട്ടിയിട്ട ബിൽഡിംഗ് ഓണർമാരും വലിയ പ്രതിസന്ധിയിലാണ്.
നിരവധി തവണ പല പ്രക്ഷോഭങ്ങളും പല സംഘടനകളും നടത്തിയിട്ടും ഒരു നടപടിയും ഈ വിഷയത്തിലുണ്ടായിട്ടില്ല. അട്ടപ്പാടിയിലെ ജനങ്ങൾ യാത്രാ ബുദ്ധിമുട്ടുകാരണം അന്യസംസ്ഥാനങ്ങളെ വ്യാപാരത്തിനായി ആശ്രയിച്ചു തുടങ്ങി.
നിരവധി റിസോർട്ടുകളുള്ള അട്ടപ്പാടി മേഖയിലേക്ക് മണ്ണാർക്കാടുവഴി ടൂറിസ്റ്റുകൾ പോകാതായി. പൊതുവെ വ്യാപാരമാന്ദ്യം അനുഭവപ്പെടുന്ന വ്യാപാരമേഖലക്ക് ഇതെല്ലാം വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു.
മണ്ണാർക്കാട്- നടമാളികറോഡും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. മണ്ണാർക്കാട് ദേശീയപാതയും പലഭാഗങ്ങളിലും നിർമാണത്തിലെ അപാകതമൂലം പൊങ്ങിയുംതാഴ്ന്നും കിടക്കുന്നു. ഇതെല്ലാം വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുമെന്നു മനസിലാക്കിയിട്ടും അപകടമുണ്ടായാലെ കണ്ണുതുറക്കൂ എന്ന അധികൃതരുടെ നടപടി ശരിയല്ല.
ജനങ്ങളുടെ ഗതാഗത സൗകര്യം തടസപ്പെടുത്തിയും ജീവനും സ്വത്തിനും ഭീഷണി ഉയർത്തിയുമുള്ള അധികൃതരുടെ ഇത്തരം അനാസ്ഥകൾ കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
ഇനിയും ഈ വിഷയത്തിൽ നടപടികളുണ്ടായില്ലെങ്കിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷനും സംയുക്തമായി വലിയ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ മണ്ണാർക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂർണിമ, ജനറൽ സെക്രട്ടറി സജി ജനത, ട്രഷറർ സൈനുൽ ആബിദ്, വൈസ് പ്രസിഡന്റുമാരായ കൃഷ്ണകുമാർ, ഷമീർ യൂണിയൻ, ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് റീഗൽ മുസ്തഫ, ജനറൽ സെക്രട്ടറി എം.കെ. അബ്ദുറഹ്്മാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.