സിപിഎം ജില്ലാ സമ്മേളനം ഇന്നു സമാപിക്കും
1497641
Thursday, January 23, 2025 2:01 AM IST
ചിറ്റൂർ: പ്രതിനിധി സമ്മേളനത്തിനിടെ സർക്കാരിന്റെ വീഴ്ചയും നേതാക്കൾ സ്വീകരിച്ച നിലപാടുകൾക്കെതിരെയുള്ള അഭിപ്രായങ്ങളും പ്രതിനിധികൾ ഉന്നയിച്ചതൊഴിച്ചാൽ വിഭാഗീയതകളൊന്നും പ്രകടമാക്കാതെ ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിയിറക്കം. നിലവിലെ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു തുടരുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് നേരത്തെ തന്നെ നേതാക്കൾ സമവായത്തിൽ എത്തിയിട്ടുണ്ട്്. ജില്ലാകമ്മിറ്റി അംഗങ്ങളെയും ഐക്യകണ്ഠേന തെരഞ്ഞെടുക്കാനാണ് തീരുമാനം.
ഇന്ന് രാവിലെ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിന് ശേഷം വൈകുന്നേരം അഞ്ചിന് തത്തമംഗലം പെൻകോസ് മൈതാനിയിൽ 14,000 പേർ അണിനിരക്കുന്ന റെഡ് വോളണ്ടിയർ മാർച്ച് നടത്തും. തുടർന്ന് മേട്ടുപ്പാളയത്തിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസങ്ങളിലായി നടന്ന പ്രതിനിധി സമ്മേളനത്തിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ.കെ. ബാലൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, എളമരം കരീം, കെ.രാധാകൃഷ്ണൻ എംപി, സി.എസ.് സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെ.കെ. ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, പുത്തലത്ത് ദിനേശൻ, പി.കെ. ബിജു, എം. സ്വരാജ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ
പിൻവലിക്കണം
ചിറ്റൂർ: പണിയെടുക്കുന്നവർക്ക് ഭരണഘടന ഉറപ്പുവരുത്തുന്ന പൗരാവകാശം പോലും നിഷേധിക്കുന്ന തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തൊഴിൽനിയമ പരിഷ്കാരങ്ങളുടെ ഭാഗമായി നിയമങ്ങൾ ലളിതമാക്കാനെന്ന പേരിലാണ് 29 തൊഴിൽ നിയമങ്ങൾ റദ്ദാക്കി നാല് ലേബർ കോഡുകൾ കൊണ്ടുവന്നത്. തൊഴിൽനിയമങ്ങളിൽ തൊഴിലാളികൾക്ക് സംരക്ഷണം നൽകിയ ഘടകങ്ങൾ ഇല്ലാതാക്കുകയായിരുന്നൂ ലക്ഷ്യം. ലേബർ കോഡുകൾ പിൻവലിക്കാനുള്ള സമരത്തിന് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.