മുതലമടയിൽ റെയിൽവേ റിംഗ്റോഡ് പുനർനിർമാണം വൈകുന്നതു വിനയായി
1497405
Wednesday, January 22, 2025 6:55 AM IST
കൊല്ലങ്കോട്: മുതലമട, കാമ്പ്രത്ത്ച്ചള്ള ടൗണിൽനിന്നും നന്ദിയോട്ടിലേക്കുള്ള പ്രധാനപാതയിലെ മുതലമട റെയിവേസ്റ്റേഷൻ റിംഗ്റോഡ് പുനർനിർമാണം നീളുന്നതു വാഹനസഞ്ചാരം ദുഷ്കരമാക്കി.
ഈ ഭാഗത്ത് റോഡുതകർന്ന് കുഴികൾ രൂപപ്പെട്ടതിനു പുറമെ മെറ്റലുകൾ പരന്നുകിടപ്പാണ്. റിംഗ്റോഡ് നിർമിച്ച് എട്ടുവർഷത്തിലധികമായി. ഇതിനുശേഷം ഒരിക്കൽപോലും അറ്റകുറ്റപ്പണികൾ നടത്താത്തതാണ് റോഡുതകർച്ചക്കു കാരണം. അഞ്ചു സ്വകാര്യബസുകൾക്കു പുറമെ ചരക്കുകടത്തുലോറികൾ വിദ്യാർഥികളുടെ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു വണ്ടികൾ സഞ്ചരിക്കുന്ന പാതയാണ് ദുരവസ്ഥയിലുള്ളത്.
ചാറ്റൽമഴയുണ്ടായാൽപോലും കുഴികളിൽ വെള്ളം കെട്ടിനിൽക്കും. റോഡിന്റെ വടക്കുഭാഗം കാടുപിടിച്ചു കിടക്കുന്നതിനാൽ പന്നിശല്യവും കൂടിവരുന്നുണ്ട്. സ്ഥലം റെയിൽവേയുടെ അധികാര പരിധിയിലാണുള്ളത്. യാത്രക്കാരുടേയും സമീപവാസികളുടേയും നിരന്തര ആവശ്യത്തെ തുടർന്ന് അധികൃതർ റോഡു നവീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ ഉപേക്ഷിച്ചമട്ടാണ്.
15 ലക്ഷം ചെലവിൽ മുതലമട ഗ്രാമപഞ്ചായത്ത് റോഡ് പുനർനിർമാണത്തിനെടുത്ത തീരുമാനവും സാമ്പത്തിക പ്രശ്നങ്ങളിൽ ഇഴഞ്ഞുനീങ്ങുകയാണ്. കാലവർഷാരംഭത്തിനുമുൻപ് റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ഓട്ടം നിർത്തുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.