ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ പാർക്കിംഗ് സംവിധാനമായി
1497407
Wednesday, January 22, 2025 6:55 AM IST
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതിയ പാർക്കിംഗ് കേന്ദ്രങ്ങളായി. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവിടെ വീണ്ടും പാർക്കിംഗ് സംവിധാനം നിലവിൽ വന്നത്.
സ്റ്റേഷനു വലതുവശത്തുള്ളതും പാർസൽ ഓഫീസിന് മുൻവശത്തുള്ളതുമായ കേന്ദ്രങ്ങളാണ് തുറന്നത്.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതിനോടൊപ്പമാണ് പാർക്കിംഗ് ഏരിയ നിർമിച്ചത്. 5,000 ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള പാർക്കിംഗിൽ നൂറുകണക്കിനു വാഹനങ്ങൾ നിർത്താം.
രണ്ട് പാർക്കിംഗുകളുടെയും ടെൻഡർ നടപടി പൂർത്തിയാക്കി കരാറുകാർക്കു കൈമാറി. കോയമ്പത്തൂരുള്ള ഏജൻസിയാണ് കരാറെടുത്തിരിക്കുന്നത്. കാമറകൾ സ്ഥാപിക്കലുൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വാഹനങ്ങൾക്കു പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും രണ്ടുവഴികളും പാർക്കിംഗിലുണ്ട്. പാർക്കിംഗ് ആരംഭിക്കുന്നതോടെ വാഹനങ്ങളുടെ സുരക്ഷാപ്രശ്നവും പരിഹരിക്കപ്പെടും.
കാറുകൾക്ക് പ്രതിമാസപാസ് 300 രൂപയാണ്. ബൈക്കുകൾക്ക് പ്രതിദിനം 20 രൂപയും ഹെൽമെറ്റിന് 10 രൂപയുമാണ് ഈടാക്കുന്നത്.