വെള്ളമില്ല; നെൽപ്പാടങ്ങൾ കരിഞ്ഞുണങ്ങുന്നു
1497021
Tuesday, January 21, 2025 1:51 AM IST
ഒറ്റപ്പാലം: നെൽപ്പാടങ്ങൾ വരണ്ടുണങ്ങുന്നു. വെള്ളത്തിന്റെ അപര്യാപ്തതയാണ് കൊയ്ത്തിന് പാകമായ പാടശേഖരങ്ങൾ വരണ്ടുണങ്ങാൻ കാരണം. കൊയ്തെടുക്കാൻ പാകമായ പാടശേഖരങ്ങളാണ് നശിച്ച് തീരുന്നത്.
വാണിയംകുളത്ത് ഇത്തരത്തിൽ മൂന്നേക്കർ നെൽപ്പാടം ഉണങ്ങിക്കരിഞ്ഞു. വൈക്കോലിന് മാത്രമേ ഇനി ഇത് ഉപകരിക്കു. കോതയൂർ തലയണപ്പറമ്പിൽ വാസുദേവന്റെ നെൽക്കൃഷിയാണ് ഉണങ്ങിയത്. കൃഷിയോടുള്ള ഇഷ്ടംകാരണമാണ് വാദ്യകലാകാരൻകൂടിയായ വാസുദേവൻ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്.
അഞ്ചേക്കറാണ് പാട്ടത്തിനെടുത്തത്. ഇതിൽ മൂന്നേക്കറിലെ കതിർവന്ന നെല്ലാണ് ഉണങ്ങിയത്. പാടം വീണ്ടുകീറിയിരിക്കയാണ്. പൊൻമണി നെല്ലാണ് കൃഷിയിറക്കിയത്. പൊൻമണി 140 മുതൽ 160 ദിവസത്തിലാണ് വിളവെടുക്കാൻ പാകമാവുക. എന്നാൽ, 100 ദിവസം ആയപ്പോഴേക്കും ഉണക്കംബാധിച്ചു. നെല്ലാകേണ്ട സമയത്ത് പാടത്ത് വെള്ളമില്ലാത്തതിനാൽ കതിരെല്ലാം പതിരാകും. കാട്ടുപന്നിശല്യത്തെയും കീടശല്യത്തെയും മറികടന്ന് ഇറക്കിയ കൃഷിയാണ് വെള്ളമില്ലാതെ നശിക്കുന്നത്. സമീപത്ത് കോതയൂർതോട് ഉണ്ടെങ്കിലും ഇവിടെയും വെള്ളമില്ലാത്ത സ്ഥിതിയാണ്.
സമീപത്തെ കിണറ്റിൽനിന്നോ കുളത്തിൽനിന്നോ മോട്ടോറുപയോഗിച്ച് വെള്ളം എത്തിക്കണമെങ്കിൽ ചെലവ് കൂടുതലാണ്. പാടം വിണ്ടുകീറിയതിനാൽ ഇങ്ങനെ വെള്ളം എത്തിച്ചിട്ടും കാര്യമില്ലെന്ന് വാസുദേവൻ പറഞ്ഞു. കോതയൂർ പാടശേഖരത്തിനു സമീപത്തുള്ള കോതയൂർതോടിന് ചിറകെട്ടിയാൽ ജലസേചനത്തിന് ഗുണകരമാകും. പ്രദേശത്ത് വേറെയും നെൽപ്പാടങ്ങൾ ഉണക്കഭീഷണി നേരിടുന്നുണ്ട്. വെള്ളമില്ലാത്തതാണ് ഇവിടെയും പ്രശ്നം.