ചുവപ്പുനാടയിൽ കുരുങ്ങി ഒറ്റപ്പാലം ബധിരവിദ്യാലയത്തിന്റെ കെട്ടിടം
1497630
Thursday, January 23, 2025 2:01 AM IST
ഒറ്റപ്പാലം: അനുമതി ലഭിക്കാത്തതിനാൽ ഒറ്റപ്പാലം ബധിരവിദ്യാലയത്തിൽ ഡിഎഡ് സ്പെഷൽ എഡ്യുക്കേഷൻ (ഇന്റലക്ച്വൽ ഡിസേബിൾഡ്) പാഠ്യപദ്ധതി തുടങ്ങാൻ നിർമിച്ച കെട്ടിടം തുറക്കാനായില്ല.
രണ്ടര വർഷമായിട്ടും കെട്ടിടം തുറക്കാൻ കഴിയാത്ത അവസ്ഥയാണ്. ബുദ്ധിപരമായ വെല്ലുവിളിനേരിടുന്നവരെ പഠിപ്പിക്കുന്ന അധ്യാപകരെ വാർത്തെടുക്കുന്നതിനുള്ള പരിശീലനകേന്ദ്രമാണ് പ്രവർത്തനം തുടങ്ങാനാവാത്ത സ്ഥിതിയിലായത്.
രണ്ടാംതവണയും അനുമതിക്കായി കേന്ദ്രസർക്കാരിനുകീഴിലുള്ള റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയെ സമീപിച്ചെങ്കിലും തുടർനടപടികളൊന്നുമായില്ല.
ആദ്യം വിദ്യാഭ്യാസവകുപ്പ് ആർസിഐ യെ സമീപിച്ചപ്പോൾ അധ്യാപകരുടെ കുറവ്, ലൈബ്രറിയുടെ കുറവ് എന്നിവ ചൂണ്ടിക്കാണിച്ച് അനുമതി നിഷേധിക്കുകയായിരുന്നു.
ലൈബ്രറി സജ്ജീകരിക്കുകയും അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടി പൂർത്തിയാക്കുകയും ചെയ്തശേഷം വിദ്യാഭ്യാസവകുപ്പ് വീണ്ടും ആർസിഐയെ സമീപിച്ചു. എന്നാൽ, അനുമതിക്കായുള്ള പരിശോധനയ്ക്ക് ആർസിഐ അധികൃതർ എത്തിയില്ല. സംസ്ഥാനത്തെ മൂന്നാമത്തെ കേന്ദ്രമാണ് അനുമതികാത്ത് കിടക്കുന്നത്. രണ്ടുനിലകളിൽ പൊതുമരാമത്ത് വകുപ്പ് നിർമിച്ച കെട്ടിടത്തിന് 513.5 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട്.
രണ്ട് ക്ലാസ് മുറികൾ, പ്രിൻസിപ്പൽമുറി, ഓഫീസ്, ശൗചാലയങ്ങൾ, സെമിനാർഹാൾ, ലൈബ്രറിഹാൾ, തെറാപ്പി, ഓഡിയോളജി സൗകര്യങ്ങൾ എന്നിവയുള്ള കെട്ടിടമാണ് പ്രവർത്തനം കാത്തുകിടക്കുന്നത്.