ബ്രൂവറിക്കെതിരേ പ്രതിഷേധസമരങ്ങൾ സംഘടിപ്പിക്കും: കർഷകസംരക്ഷണ സമിതി
1497404
Wednesday, January 22, 2025 6:54 AM IST
കൊല്ലങ്കോട്: കുടിവെള്ളത്തിനും കൃഷിക്കും രൂക്ഷമായ ജലക്ഷാമം നേരിടുന്ന എലപ്പുള്ളിയിൽ മദ്യക്കമ്പനി തുടങ്ങുന്നതിനെതിരേ സമരപരിപാടികളുമായി മുന്നോട്ടെന്നു കേരള കർഷക സമിതി.
ജലസ്രോതസുകൾ ഇല്ലാതാക്കിയാൽ ജനങ്ങളുടെ കുടിവെള്ളംമുട്ടുമെന്നും കൃഷിഭൂമി തരിശുഭൂമികളായി മാറുമെന്നും യോഗം മുന്നറിയിപ്പു നൽകി. മദ്യക്കമ്പനിക്ക് മലമ്പുഴഡാമിൽനിന്നും വെള്ളം നൽകിയാൽ പാലക്കാട്, മലമ്പുഴ, കുഴൽമന്ദം, ആലത്തൂർ, നെന്മാറ തുടങ്ങിയ പ്രദേശങ്ങളിലെ നെൽകൃഷിയെ സാരമായി ബാധിക്കും. ഈ സാഹചര്യത്തിൽ കർഷക സമിതി ഈ പ്രദേശങ്ങളിലെ കർഷകരെ അണിനിരത്തി ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാനും തീരുമാനിച്ചു.
പ്രസിഡന്റ് വിജയൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ചിദംബരംകുട്ടി മാസ്റ്റർ, സെക്രട്ടറി പ്രഭാകരൻ, വൈസ് പ്രസിഡന്റ് ശിവാനന്ദൻ, മനോഹരൻ, രാംദാസ് പല്ലശ്ശന, രാധാകൃഷ്ണൻ , ശെൽവൻ, പങ്കജാക്ഷൻ, സുരേഷ്, ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.