വടക്കഞ്ചേരി പഞ്ചായത്തിൽ ചെടികളിലും കളകളിലും വിദേശാധിപത്യം
1497639
Thursday, January 23, 2025 2:01 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്തിൽ കല്യാണി വയലറ്റ് ഉൾപ്പെടെ അഞ്ച് പുതിയ നെല്ലിനങ്ങൾ, ഭീമൻ ഒച്ച്, അമ്പതിലേറെ പുതിയ അലങ്കാരചെടികൾ. ചെടികളിൽ കൂടുതലും വിദേശികൾ, പുതിയ പഴവർഗങ്ങൾ. ഇതിലും വിദേശാധിപത്യത്തിന്റെ കടന്നുകയറ്റം. രണ്ടാംഘട്ട ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ സർവേകളിലാണ് ടീം അംഗങ്ങൾ പുതിയ കണ്ടെത്തലുകൾ നടത്തിയിട്ടുള്ളത്.
ആയക്കാട് തോട്ടിങ്കൽ ഗിരീഷിന്റെ മത്സ്യകുളത്തിലാണ് ഏഴ് സെന്റീമീറ്റർ വലുപ്പം വരുന്ന ഭീമൻ ഒച്ചിനെ കണ്ടെത്തിയത്. പുതിയ ഷഡ്പദങ്ങൾ, പ്രാണികൾ തുടങ്ങി ഒട്ടേറെ ജീവജാലങ്ങളും സർവേ ടീമംഗങ്ങൾ കണ്ടെത്തി വിവരങ്ങൾ സമാഹരിച്ചിട്ടുണ്ട്. 27 നാടൻ നെല്ലിനങ്ങളും 17 സങ്കരയിനം നെല്ലിനങ്ങളുമാണ് 2009ൽ നടന്ന ഒന്നാംഘട്ട സർവേയിൽ കണ്ടെത്തിയിരുന്നത്. പുതിയ സർവേയിലാണ് അഞ്ച് ഇനം നെല്ലുകൂടി പ്രദേശത്ത് കൃഷി ചെയ്യുന്നതായി കണ്ടെത്തിയിട്ടുള്ളത്. പഞ്ചായത്തിലെ 20 വാർഡ് പ്രദേശങ്ങളിലും സർവേ നടപടികൾ പൂർത്തിയാക്കി. സമാഹരിച്ച വിവരങ്ങളുടെയും പടങ്ങളുടെയും അവലോകനവും രജിസ്റ്റർ തയാറാക്കുന്നതിന്റെ അന്തിമ നടപടികളുമാണ് ഇപ്പോൾ നടക്കുന്നത്.
ജീവജാലങ്ങളുടെ ശാസ്ത്രീയ നാമം, പുതിയ ജന്തുക്കൾ, സസ്യങ്ങൾ, അവയുടെ ആവാസ വ്യവസ്ഥ, നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന പാടങ്ങൾ, കളകൾ തുടങ്ങിയവ കൂടി ഉൾപ്പെടുത്തിയാണ് രണ്ടാംഘട്ട ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതെന്ന് ടീം ലീഡർ അഭിജിത്ത് പറഞ്ഞു.
കാർഷിക ജൈവവൈവിധ്യം, കാർഷികേതര ജൈവവൈവിധ്യം, ആവാസ വ്യവസ്ഥകളിലെ വൈവിധ്യം എന്നീ മൂന്ന് തലക്കെട്ടുകളിലായിരുന്നു രണ്ടുമാസം നീണ്ട സർവേ നടപടികൾ. വൈദേശികാധിപത്യം ചെടികളിലും ജന്തുക്കളിലും പ്രകടമാണ്. അതിന്റെ തെളിവാണ് കർഷകർക്ക് ദോഷകരമാകുന്ന വിദേശ ഇനം ചെടികൾ ഇവിടെ വ്യാപകമാകുന്നത്.
ഇതു സംബന്ധിച്ച് പഠനങ്ങൾ വേണം. കാലാവസ്ഥാ വ്യതിയാനം, അമിതമായുള്ള രാസ കീടനാശിനി പ്രയോഗവും രാസവള പ്രയോഗവും ഭൂതലത്തിൽ സ്വാഭാവിക ജീവികൾ ഇല്ലാതാകാൻ കാരണമാകുന്നുണ്ടെന്ന് ബിഎംസി അംഗം അപ്പുണ്ണിനായർ പറഞ്ഞു. ഓരോ വാർഡിലും പരിശീലനം നേടിയ രണ്ടുപേരും പ്രദേശവാസികളും അടങ്ങുന്ന സംഘമാണ് സർവേ നടത്തിയത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീയുവാക്കളെയാണ് സർവേക്കായി തെരഞ്ഞെടുത്തിരുന്നത്. എ. സീനത്ത്, സി. ഗിരിജ എന്നിവരാണ് ടീമിന്റെ വൈസ് ലീഡർമാർ. പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, വൈസ് പ്രസിഡന്റ് ഉസൈനാർ, പഞ്ചായത്ത് സെക്രട്ടറി കെ. രാധിക, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ബാബു, മെംബർമാരായ രശ്മി ഷാജി, കെ.പി. ഫൗസിയ, കെഎസ്ബിബി ജില്ലാ കോ- ഓർഡിനേറ്റർ വി. സിനിമോൾ, ബിഎംസി കൺവീനർ കെ.എം. രാജു, അംഗങ്ങളായ അപ്പുണ്ണി നായർ, അംബിക ടീച്ചർ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് 35 അംഗ സർവേ ടീമിന്റെ പ്രവർത്തനം.പഞ്ചായത്തിന്റെ അംഗീകാരത്തോടെ പുതിയ കണ്ടെത്തലുകൾ സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന് കൈമാറും.