ഉത്സവങ്ങളിൽ നിറസാന്നിധ്യമായി നന്ദുവിന്റെ മദ്ദളവാദനം
1497408
Wednesday, January 22, 2025 6:55 AM IST
പാലക്കാട്: ആശാന്മാരുടെ മേളപ്പെരുക്കത്തിനൊപ്പം കൊട്ടിക്കയറുകയാണ് നന്ദു. പുത്തൻതലമുറയുടെ പ്രതിനിധിയെങ്കിലും വാദ്യകലാരംഗത്തെ ഈ പുത്തൻ ഉദയത്തിനു ആശാൻന്മാരുടെ പ്രശംസയേറെ.
കുഴൽമന്ദം കാട്ടുശേരി തട്ടകത്ത് മാണിക്യത്ത് തറവാട്ടിൽ ശ്രീകുമാർ- ജ്യോതി ദന്പതികളുടെ മകൻ നന്ദു മദ്ദളവാദനത്തിൽ പുത്തൻതലങ്ങൾ കീഴടക്കുകയാണ്. തഴക്കവും പഴക്കവുംചെന്ന ആശാന്മാർക്കൊപ്പം ഉത്സവങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നന്ദു ഇപ്പോൾ കുടുംബത്തിനും നാടിനും അഭിമാനമായി മാറിക്കഴിഞ്ഞു.
ബാല്യത്തിൽ തുടങ്ങിയ പരിശീലനംതന്നെയാണ് ഈ യൗവനകാലത്തും പ്രഭ ചൊരിയുന്നത്. ബാല്യത്തിൽതന്നെ കാച്ചാൻകുറിശി മോഹനന്റെ ശിക്ഷണത്തിൽ ഗണപതികൈയിലും കേളിയിലും പരിശീലനം. പിന്നീട് പല്ലശന നന്ദകുമാറിന്റെ ശിക്ഷണത്തിൽ പഞ്ചവാദ്യപഠനം. ഗുരുക്കന്മാരുടെ ശിക്ഷണവും മാതാപിതാക്കളുടെ പ്രോത്സാഹനവും നന്ദു എന്ന കലാകാരനെ വളർത്തിയെടുത്തു. ഏഴാംക്ലാസിൽ പഠിക്കുന്പോഴായിരുന്നു മദ്ദളവാദനത്തിൽ അരങ്ങേറ്റം. ഇപ്പോൾ പഞ്ചവാദ്യത്തിലും കേളിയിലും തന്റേതായ ശൈലിയും സ്ഥാനവും ഉറപ്പിച്ചു മുന്നേറുകയാണ് ഈ കലാകാരൻ.
കേരളത്തിലെ പ്രസിദ്ധങ്ങളായ വേലകളിലും പൂരങ്ങളിലും അതോടൊപ്പം മറ്റ് സാംസ്കാരിക പരിപാടികളിലും നിറസാന്നിധ്യമായി നന്ദു മാറിക്കഴിഞ്ഞു. ഡിഗ്രി പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനു തയാറെടുക്കുകയാണ് നന്ദുവിപ്പോൾ.