കാലിത്തീറ്റ തിന്നുന്ന കാട്ടാനകൾ വൈറൽ!
1497400
Wednesday, January 22, 2025 6:54 AM IST
കോയമ്പത്തൂർ: ആനക്കൂട്ടം ഭക്ഷണംതേടി വീട്ടിലെത്തി കാലിത്തീറ്റ തിന്നുന്ന സിസിടിവി ദൃശ്യങ്ങൾ വൈറലാകുന്നു. കോയമ്പത്തൂർ പെരിയനായ്ക്കൻപാളയത്താണ് സംഭവം. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് ആറു കാട്ടാനകൾ ഭക്ഷണംതേടി പ്രദേശത്തെ ദേവരാജിന്റെ വീട്ടിലേക്കെത്തിയത്.
ദേവരാജന്റെ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആനക്കൂട്ടത്തിന്റെ ശബ്ദംകേട്ട് ഇയാൾ മറ്റൊരു ഭാഗത്തുകൂടി പുറത്തിറങ്ങി. അവിടെയെത്തിയ ആനക്കൂട്ടം വീടിനു പുറത്തുണ്ടായിരുന്ന തവിടും കാലിത്തീറ്റയും തിന്നുതീർത്തു. പരിസരത്തെ തെങ്ങുകളും നശിപ്പിക്കുകയുണ്ടായി.
പ്രദേശത്തു സ്ഥാപിച്ചിരുന്ന സിസി ടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ദിവസങ്ങൾക്കുമുമ്പ് പ്രദേശത്ത് എത്തിയ ഒറ്റയാൻ വേലുമണി എന്ന കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.