സ്പോർട്സ് സ്കൂൾ പ്രവേശന സെലക്ഷൻ ട്രയൽസ്
1497411
Wednesday, January 22, 2025 6:55 AM IST
പാലക്കാട്: സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് സ്കൂളുകളിലേക്കും സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് സ്കൂളുകളിലേക്കും സ്പോർട്സ് അക്കാദമികളിലേക്കുമുള്ള സെലക്ഷൻ ട്രയൽസ് ആരംഭിച്ചതായി കായിക വകുപ്പ് അറിയിച്ചു.
കായിക വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കും സ്പോർട്സ് കൗണ്‍സിലിന്റെ കീഴിലുള്ള വിവിധ സ്കൂളുകൾ, സ്പോർട്സ് അക്കാഡമികളിലേക്കുമാണ് സെലക്ഷൻ ട്രയൽസ് നടക്കുന്നത്.
6, 7, 8, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് നേരിട്ടാകും സെലക്ഷൻ. 9, 10 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിൽ ലാറ്ററൽ എൻട്രിയിലൂടെയാണ് പ്രവേശനം.
അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, ബോക്സിംഗ്, ഹോക്കി, ജൂഡോ, വോളിബോൾ, റെസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും സെലക്ഷൻ നടത്തും.
ഫുട്ബോളിലും തായ്ക്കൊണ്ടോയിലും പെണ്‍കുട്ടികൾക്ക് മാത്രമാകും അവസരം. ഫുട്ബോൾ ആണ്‍കുട്ടികളുടെ സെലക്ഷൻ പിന്നീട് നടത്തുമെന്നും കായിക വകുപ്പ് അറിയിച്ചു.
6, 7 ക്ലാസുകളിലേക്കുള്ള കുട്ടികളെ കായികക്ഷമതയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുക്കുക. 8, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് കായികക്ഷമതയ്ക്കൊപ്പം അതാത് കായിക ഇനത്തിലെ മികവിന്റെ അടിസ്ഥാനത്തിൽ കൂടിയാകും അവസരം ലഭിക്കുക.
സംസ്ഥാനതലത്തിൽ മെഡൽ നേടിയവർക്കും തത്തുല്യ പ്രകടനം കാഴ്ചവച്ചവർക്കും മാത്രമേ 9, 10 ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി ട്രയൽസിൽ പങ്കെടുക്കാനാകൂ.
ട്രയൽസിൽ മികവ് തെളിയിക്കുന്ന വിദ്യാർഥികൾക്ക് ഏപ്രിൽ മാസത്തിൽ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന അസസ്മെന്റ് ക്യാന്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
ക്യാന്പിലെ പ്രകടനത്തിന്റെയും പരീക്ഷകളുടേയും അടിസ്ഥാനത്തിലാകും വിദ്യാർഥികൾക്ക് വിവിധ ക്ലാസുകളിലേക്ക് പ്രവേശനം ലഭിക്കുക. പാലക്കാട് ജില്ലയിലെ സെലക്ഷൻ ട്രയൽസ് 23ന് പാലക്കാട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും.
സെലക്ഷനിൽ പങ്കെടുക്കാൻ എത്തുന്ന വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കാർഡും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫും അവർ പങ്കെടുക്കുന്ന കായിക ഇനങ്ങൾക്കുള്ള വേഷങ്ങളുമായി രാവിലെ ഒന്‍പതിന് ട്രയൽസ് നടക്കുന്ന സ്റ്റേഡിയത്തിൽ എത്തണം.
വിദ്യാർഥികൾക്ക് അവരുടെ സൗകര്യമനുസരിച്ച് മറ്റു ജില്ലകളിലെ സെലക്ഷൻ നടക്കുന്ന ഏത് സ്റ്റേഡിയത്തിൽ വേണമെങ്കിലും എത്താമെന്നും കായിക വകുപ്പ് അറിയിച്ചു.