നവകേരളം സൃഷ്ടിക്കാൻ എൽഡിഎഫ് പ്രതിജ്ഞാബദ്ധം: എം.വി. ഗോവിന്ദൻ
1497423
Wednesday, January 22, 2025 6:55 AM IST
ചിറ്റൂർ: കോണ്‍ഗ്രസും ബിജെപിയും അടങ്ങുന്ന മഴവിൽ സഖ്യം എൽഡിഎഫിനെ ആക്രമിക്കൽ മാത്രം ലക്ഷ്യമാക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തത്തമംഗലം രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നവകേരളം സൃഷ്ടിക്കലാണ് എൽഡിഎഫ് ലക്ഷ്യം. അന്ധവിശ്വാസങ്ങളെ വെല്ലുവിളിച്ചാണ് കേരളം മുന്നേറിയതെന്നും സ്ത്രീകൾക്കടക്കം പൊതുസമൂഹത്തിൽ ഉന്നതിയിൽ എത്താൻ കേരളത്തിന് സാധിച്ചു എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ പ്രതിപക്ഷവും ബിജെപിയും മാധ്യമങ്ങളും ഇടതുപക്ഷത്തെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെ അതിജീവിച്ചാണ് എൽഡിഎഫ് മുന്നേറുന്നത്.
ഒരു വികസനവും അനുവദിക്കില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനും ബിജെപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനകത്ത് നടക്കുന്ന കലഹം വെറുതെയാകും. ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ഇടതുമുന്നണി അധികാരത്തിൽ വരും. ഇത്തരമൊരു സാഹചര്യത്തിൽ കോണ്‍ഗ്രസിലെ നേതാക്കൾ തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി നടത്തുന്ന മത്സരം തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വ്യർഥമായി തീരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പ്രതിനിധി സമ്മേളന നഗരിയിൽ മുതിർന്ന അംഗം വി.കെ. ജയപ്രകാശ് പതാക ഉയർത്തി.
തുടർന്ന് രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചു. രക്തസാക്ഷിപ്രമേയം പി. മമ്മിക്കുട്ടിയും അനുശോചനപ്രമേയം എ. പ്രഭാകരനും അവതരിപ്പിച്ചു.
താത്കാലിക അധ്യക്ഷനായി സംസ്ഥാനകമ്മിറ്റി അംഗം സി.കെ. രാജേന്ദ്രനെ സമ്മേളനം തെരഞ്ഞെടുത്തു. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, പി.കെ ശ്രീമതി, കെ.കെ. ശൈലജ, എളമരം കരീം, കെ. രാധാകൃഷ്ണൻ, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെ.കെ. ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, പുത്തലത്ത് ദിനേശൻ, പി.കെ. ബിജു, എം. സ്വരാജ് തുടങ്ങിയവർ പങ്കെടുത്തു.
ഇന്നും പ്രതിനിധി സമ്മേളനത്തിൻമേൽ ചർച്ച നടക്കും. നാളെ വൈകുന്നേരം അഞ്ചിന് മേട്ടുപ്പാളയത്തു നടക്കുന്ന സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
എൻ.എൻ. കൃഷ്ണദാസിനെതിരേ രൂക്ഷവിമർശനം
ചിറ്റൂർ: മുൻ എംപിയും ജില്ലയിലെ മുതിർന്ന നേതാവുമായ എൻ.എൻ. കൃഷ്ണദാസിനെതിരെ സിപിഎം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ രൂക്ഷവിമർശനം. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് രൂക്ഷ വിമർശനം. എൻ.എൻ. കൃഷ്ണദാസിന്റെ പ്രസ്താവന പാർട്ടിയുടെ നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കിയെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
മാധ്യമങ്ങൾക്കെതിരെ നടത്തിയ ഇറച്ചിക്കട പ്രയോഗം അനവസരത്തിലായിപ്പോയെന്നാണ് വിമർശനം. ഇറച്ചിക്കട പ്രയോഗം ഉപതെരഞ്ഞെടുപ്പിൽ മാധ്യമങ്ങളെ പാർട്ടിക്കെതിരാക്കിയെന്നും റിപ്പോർട്ടിലുണ്ട്. നേതൃത്വത്തിന്റെ നിലപാടിന് എതിരായ കൃഷ്ണദാസിന്റെ പരാമർശങ്ങൾ സാധാരണ പ്രവർത്തകരെ വോട്ടർമാർക്കിടയിൽ പ്രതിസന്ധിയിലാക്കിയെന്നും സമ്മേളന പ്രതിനിധികൾ അഭിപ്രായപ്പെട്ടു. കെടിഡിസി ചെയർമാനും മുൻ എംഎൽഎയുമായ പി.കെ. ശശിക്കെതിരായ നടപടിയും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നുണ്ട്.