ആശ്വാസമായി മംഗലംപാലം ജംഗ്ഷനിൽ റോഡ് അറ്റകുറ്റപ്പണി തുടങ്ങി
1497022
Tuesday, January 21, 2025 1:51 AM IST
വടക്കഞ്ചേരി: മംഗലം - ഗോവിന്ദാപുരം സംസ്ഥാന പാതക്ക് തുടക്കം കുറിക്കുന്ന മംഗലംപാലം ജംഗ്ഷനിൽ റോഡ് അറ്റകുറ്റപണി തുടങ്ങി. ദേശീയ, സംസ്ഥാനപാതകളിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങൾ ജെസിബിയുടെ സഹായത്തോടെ പൂർണമായും പൊളിച്ചുനീക്കിയാണ് പണികൾ നടത്തുന്നത്. ടോറസ് ഉൾപ്പെടെ വലിയ ഭാരവാഹനങ്ങൾ ഇവിടെ നിർത്തി തിരിയുന്ന സ്ഥിതിയുള്ളതിനാൽ കൂടുതൽ ഉറപ്പേറിയ അറ്റകുറ്റപണികൾ നടത്തേണ്ടതുണ്ട്.
സമയമെടുത്ത് വർക്കുകൾ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. മഴക്കാലം മുതൽ ഈ ഭാഗം പൂർണമായും തകർന്നു കിടക്കുകയാണ്. വലിയ കുഴികളും പൊടിയും ചെളിയുമായി മിനി പമ്പ എന്നറിയപ്പെടുന്ന സെന്ററിൽ ശബരിമല തീർഥാടകർക്കും കച്ചവടക്കാർക്കും മറ്റു വാഹനയാത്രികർക്കുമെല്ലാം ഏറെ ക്ലേശകരമായിരുന്നു യാത്ര. ശബരിമല സീസൺ കഴിഞ്ഞ് തിരക്കൊഴിഞ്ഞതോടെയാണ് പണികൾ തുടങ്ങിയിട്ടുള്ളത്.
പാലക്കാട്ടേക്കുള്ള മുഴുവൻ ബസുകളും ഇതുവഴി പോകുന്നതിനാൽ വാഹനതിരക്ക് പണികൾക്ക് തടസമാകുന്നുണ്ട്. പലതവണ അറ്റകുറ്റപണി നടക്കുന്ന ഇവിടെ ഈ വർക്കെങ്കിലും കുറച്ചുകാലം നിലനിൽക്കണെ എന്ന പ്രാർഥനയിലാണ് വാഹനയാത്രികർ.