കുടിവെള്ളപ്രശ്നം പരിഹരിക്കാനുള്ള നടപടികൾക്കു വേഗംകൂടി
1497414
Wednesday, January 22, 2025 6:55 AM IST
വടക്കഞ്ചേരി: കുടിവെള്ളക്ഷാമം പരിഹരിക്കാൻ വേഗത്തിലുള്ള നടപടികൾ വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഗ്രാമസഭ ബഹിഷ്കരിച്ചപ്പോൾ നടപടികൾക്ക് വേഗത വന്നു. കിഴക്കഞ്ചേരി പഞ്ചായത്തിലെ കൊടുംപാല, വെള്ളികുളമ്പ്, വാൽക്കുളമ്പ്, പനംകുറ്റി, ലവണപാടം തുടങ്ങിയ പ്രദേശത്തുകാരുടെ കൂട്ടായ്മയാണ് ഫലം കണ്ടത്. പല തവണ ബന്ധപ്പെട്ടവർക്കെല്ലാം പരാതി നൽകിയിട്ടും നടപടികളിലേക്ക് നീങ്ങാതായപ്പോഴാണ് നിസഹകരണത്തിലേക്ക് നീങ്ങിയത്.
പ്രദേശത്ത് മാസങ്ങളായി കുടിവെള്ളം വിരുന്നുകാരെ പോലെയാണ്. പിട്ടുകാരികുളമ്പിൽ നിന്നുള്ള ബോർവെല്ലിൽ നിന്നായിരുന്നു പ്രദേശത്തേക്കുള്ള ജലവിതരണം നടന്നിരുന്നത്. എന്നാൽ അവിടുത്തെ ബോർവെല്ലിൽ വെള്ളം കുറഞ്ഞതോടെ കൂടുതൽ പ്രദേശത്തേക്കുള്ള ജലവിതരണം കഴിയാതായി. പിന്നീട് ചീരക്കുഴിയിൽ നിന്നാണ് വെള്ളം വന്നിരുന്നത്.
വെള്ളം കിട്ടുന്നതും താഴ്ന്ന പ്രദേശത്തെ കുടുംബങ്ങൾക്ക് മാത്രമായി ചുരുങ്ങി. കുടിവെള്ളപ്രശ്നം ഗ്രാമസഭയിൽ ചർച്ച ചെയ്യാം എന്നായിരുന്നു അധികൃതരുടെ നിലപാട്. എന്നാൽ കുടിവെള്ളം എത്തിച്ചിട്ട് മതി ഗ്രാമസഭ എന്ന നിലപാടിൽ പ്രദേശവാസികളും ഉറച്ചുനിന്നു. തുടർന്ന് പത്താം വാർഡ് കൊട്ടടിയിൽ ഇന്നലെ ബോർവെൽ കുഴിച്ചു.
240 അടിയിൽ തന്നെ യഥേഷ്ടം വെള്ളം ലഭിച്ചു. കറന്റ് കണക്ഷനും മോട്ടോർ പുരയുമെല്ലാം ഒരുക്കി ജലവിതരണം വൈകാതെ നടത്താനാകുമെന്നാണ് വാട്ടർ അഥോറിറ്റി നാട്ടുകാർക്ക് ഉറപ്പു നൽകിയിട്ടുള്ളത്. പുതിയ ബോർവെല്ലിൽ നിന്നുള്ള വെള്ളം ഇരുന്നൂറിലേറെ കുടുംബങ്ങൾക്ക് പ്രയോജനപ്പെടും.