റോഡ് സുരക്ഷ അവബോധം സിലബസിൽ ഉൾപ്പെടുത്തണം: റോഡ് സുരക്ഷാ കമ്മീഷണർ
1497020
Tuesday, January 21, 2025 1:51 AM IST
പാലക്കാട്: റോഡ് സുരക്ഷാപരിശീലനം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്നും ചെറിയ പ്രായത്തിൽ തന്നെ റോഡ് സുരക്ഷയെകുറിച്ച് അവബോധം നൽ കണമെന്നും സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണർ സി.എച്ച്. നാഗരാജു ആവശ്യപ്പെട്ടു. സീനിയർ ചേംബർ ഇന്റർനാഷണൽ പാലക്കാട് ലീജിയന്റെ ആഭിമുഖ്യത്തിൽ മോട്ടോർവാഹന വകുപ്പിന്റെ സഹകരണത്തോടെ വിദ്യാർഥികൾക്ക് റോഡ് സുരക്ഷാപരിശീലനത്തിനായി ‘ബി എ റോൾ മോഡൽ’ പദ്ധതിയുടെയും റോഡ് സേഫ്റ്റി ക്ലബ്ബുകളുടെയും ഉദ്ഘാടനം കിണാശേരി വാസവി വിദ്യാലയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ലോഗോ ടോപ് ഇൻ ടൗണ്‍ ഉടമ രാജുവിന് നൽകി കമ്മീഷണർ പ്രകാശനം ചെയ്തു. സീനിയർ ചേംബർ ഇന്റർനാഷണൽ പാലക്കാട് ലീജിയൻ പ്രസിഡന്റ് അഡ്വ.പി. പ്രേംനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എം.പി. ജെയിംസ്, റീജണൽ ട്രാൻസ്പോർട്ട്് ഓഫീസർ സി.യു. മുജീബ്, സ്കൂൾ പ്രിൻസിപ്പൽ ദീപ ജയപ്രകാശ്, മാനേജർ എൻ. മുരളി, സീനിയർ ചേംബർ മുൻ ദേശീയ പ്രസിഡന്റ് ബി. ജയരാജൻ, നാഷണൽ കോ-ഓർഡിനേറ്റർ പ്രഫ. എ. മുഹമ്മദ് ഇബ്രാഹിം, പ്രോഗ്രാം കോ-ഓർഡിനേറ്റർ എ. അബ്ദുൾ ഷംസ് എന്നിവർ പ്രസംഗിച്ചു.
ട്രഷറർ പി. വിനോദ് കുമാർ സ്വാഗതവും സെക്രട്ടറി ആർ. ജയപ്രകാശ് നന്ദിയും പറഞ്ഞു. തുടർന്ന് റോഡ് സുരക്ഷയെ കുറിച്ച് വിദ്യാർഥികൾക്കുള്ള ബോധവത്കരണ സെമിനാർ എഎംവിഐ കെ. സന്തോഷ് കുമാർ നയിച്ചു. പദ്ധതിയോടനുബന്ധിച്ച് 200 ടീച്ചർമാർക്കും പതിനായിരം വിദ്യാർഥികൾക്കും ട്രാഫിക് സേഫ്റ്റി പരിശീലനം നൽകും.