കർഷകർക്കു വിനയായി മഴ; മാന്തോപ്പുകളിൽ ദുരിതം
1497402
Wednesday, January 22, 2025 6:54 AM IST
മുതലമട: കാലംതെറ്റിയെത്തിയ മഴ മുതലമടയിലെ മാവുകർഷകരെ വെട്ടിലാക്കി. പൂത്തുതുടങ്ങിയ മാവുകളിലെ കണ്ണിമാങ്ങകളടക്കം കൊഴിഞ്ഞുതുടങ്ങി. ഈമാസം ആദ്യത്തിലും ഇതേപോലെ കൊഴിച്ചിൽ വ്യാപകമായിരുന്നു.
മാങ്കോസിറ്റിയെന്നു ഖ്യാതി നേടിയ മുതലമടയിലെ പ്രതീക്ഷകളെ കെടുത്തുംവിധമാണ് കൃഷിനാശം തുടരുന്നത്. രണ്ടുവർഷം മുന്പുവരെ മികച്ച വിളവു ലഭിച്ചിരുന്നു.
എന്നാൽ കാലാവസ്ഥാ വ്യതിയാനം കൃഷിയെ താറുമാറാക്കി. ഇത്തവണ മാന്പൂക്കങ്ങൾ കൊഴിഞ്ഞു തുടങ്ങിയതോടെ കഴിഞ്ഞ വർഷങ്ങളിലെ നഷ്ടം നികത്താമെന്ന കർഷകപ്രതീക്ഷയാണ് അസ്തമിക്കുന്നത്. ബാങ്ക് വായ്പയെടുത്തു കൃഷിചെയ്ത കർഷകരും സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്തവരുമെല്ലാം ഇപ്പോൾ വെട്ടിലായിരിക്കുകയാണ്.
മുതലമട പഞ്ചായത്തിലെ നൂറുക്കണക്കിനു തൊഴിലാളികളും ടൗൺ വ്യാപരികളും മാങ്ങാ സീസണിലെ വരുമാനത്തിലാണ് ഉപജീവനം നടത്തുന്നത്. മൂന്നുമാസം മുന്പ് പൂവിട്ടതു കായ്ച്ചുതുടങ്ങി വിളവെടുപ്പിനു പാകമായിട്ടുണ്ട്. ഇതിൽ കർഷകന്റെ നഷ്ടം നികത്താനാകില്ല.
ഇപ്പോൾ രണ്ടാം മാവുപൂക്കലിലാണ് കർഷക പ്രതീക്ഷയത്രയും. ഇതു മാർച്ചിലാണ് വിളവെടുക്കുക. ഇനിയും മഴയുണ്ടായാൽ ഇപ്പോൾ പൂവിട്ടതു കൊഴിയുമെന്നും കർഷകർ പറയുന്നു.