കുറവൻപാടി പള്ളിയിൽ സുവർണ ജൂബിലി ആഘോഷത്തിനും തിരുനാളിനും കൊടിയിറങ്ങി
1497023
Tuesday, January 21, 2025 1:51 AM IST
അഗളി: കുറവൻപാടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്കും സുവർണ ജൂബിലി സമാപനത്തിനും സമാപനമായി. ഇന്നലെ വൈകുന്നേരം നാലിന് പരേതർക്കായുള്ള പ്രത്യേക പ്രാർഥനയോടെ തിരുനാൾ കൊടി ഇറങ്ങി. ശനിയാഴ്ച നടന്ന തിരുനാൾ തിരുകർമങ്ങളിൽ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു.
താവളം ഫെറോന വികാരി ഫാ. ബിജു പ്ലാത്തോട്ടത്തിൽ, ഇടവക വികാരി ഫാ. ആനന്ദ് അന്പൂക്കൻ എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ബിഷപ് ഉദ്ഘാടനം ചെയ്തു. എൻ. ഷംസുദ്ദീൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഫാ. ബിജു പ്ലാത്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. മദർ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിൻസാ ആട്ടോക്കാരൻ ആശംസകൾ നേർന്നു.
ഞായറാഴ്ച നടന്ന ജൂബിലി തിരുനാൾ കുർബാനയ്ക്ക് മിസിസാഗ രൂപത ബിഷപ് മാർ ജോസ് കല്ലുവേലിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകി. തിരുനാളിനോട് അനുബന്ധിച്ച് സെബാസ്റ്റ്യൻസ് പള്ളി കുരിശടിയിലേക്കും കുറവൻപാടി ജംഗ്ഷൻ കുരിശടിയിലേക്കും പ്രദക്ഷിണവും, സ്നേഹവിരുന്നും ആകാശ വിസ്മയവും വിവിധ കലാപരിപാടികളും നടന്നു.