പനയമ്പാടത്ത് വീണ്ടും അപകടങ്ങൾ വർധിക്കുന്നു
1497413
Wednesday, January 22, 2025 6:55 AM IST
കല്ലടിക്കോട്: ദേശീയപാതയിൽ സ്ഥിരം അപകടമേഖലയായ പനയന്പാടത്ത് ഇന്നലെ വീണ്ടും അപകടം ഉണ്ടായി. കാറിന്റെ പിറകിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സ്ഥിരം അപകടമേഖലയായ ഇവിടെ നാല് വിദ്യാർഥിനികൾ അപകടത്തിൽ മരിച്ചതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഇരുഭാഗത്തും പോലീസ് പിക്കറ്റ് ഏർപ്പെടുത്തുകയും പള്ളിപ്പടിയിൽ ഇന്റർസെപ്റ്റർ വാഹനം ഉപയോഗിച്ച് പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്.
വകുപ്പ്മന്ത്രി അടക്കമുള്ളവർ സ്ഥലം സന്ദർശിക്കുകയും എത്രയും വേഗം റോഡിന്റെ അലൈൻമെന്റ് മാറ്റി വളവുകൾ നിവർത്തി അഴുക്കുചാലുകൾ നിർമിച്ച് അപകടരഹിതമാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും യാതൊരു തുടർനടപടികളും ഉണ്ടായിട്ടില്ല.
അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പനയന്പാടത്ത് എത്തുമ്പോൾ സീബ്രാ ലൈനിൽ കയറി കുലുങ്ങി നീങ്ങുന്നത് പതിവാണ്. പ്ലാസ്റ്റിക് ബാരിക്കേഡുകൾ വെച്ചിരിക്കുന്നത് മൂലം പല വാഹനങ്ങളും പെട്ടെന്ന് നിയന്ത്രണം തെറ്റി ബാരിക്കേഡുകളിൽ തട്ടുന്നതും സ്ഥിരം സംഭവമാണ്.
തുപ്പനാടും പള്ളിപ്പടിയിലും പോലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനങ്ങൾ പരിശോധിച്ചു പിഴ ഈടാക്കുന്നത് അല്ലാതെ മന്ത്രി നൽകിയ ഉറപ്പ് പാലിക്കാനോ റോഡ് നവീകരിച്ച് അപകടരഹിതമാക്കാനോ യാതൊരുവിധ നീക്കവും ഇതുവരെയും ഉണ്ടായിട്ടില്ല. ഇന്നലെ കാറിന്റെ പിറകിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. പ്രദേശത്ത് റോഡിന്റെ അലൈൻമെന്റ് മാറ്റി വളവുകൾ നിവർത്തി വീതികൂട്ടി പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.