ലഹരിയിൽ അടിമപ്പെട്ടവർക്ക് ആശ്വാസമായി കോട്ടത്തറ ആശുപത്രിയിലെ വിമുക്തി കേന്ദ്രം
1497409
Wednesday, January 22, 2025 6:55 AM IST
അഗളി: മദ്യ-മയക്കുമരുന്നുകൾക്ക് അടിമപ്പെട്ടവർക്കു ആശ്രയ കേന്ദ്രമായി കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലെ വിമുക്തി ലഹരിവിമോചന കേന്ദ്രം. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിൽ 2018 ഒക്ടോബർ 29 നാണ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.
എക്സൈസ്, ആരോഗ്യവകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് പ്രവർത്തനം. ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. ദീപുവിന്റെ സേവനവും ലഭ്യമാണ്.
മദ്യം, പുകയില, കഞ്ചാവ്, മറ്റുലഹരിവസ്തുക്കൾ എന്നിവയ്ക്ക് അടിമകളായവർക്ക് ഇതിൽ നിന്നു മുക്തി നേടാനും അതിലൂടെ സാധാരണ ജീവിതം നയിക്കാനും ലഹരിവിമോചന കേന്ദ്രം സഹായിക്കുന്നു.
ചികിത്സകൾക്കു പുറമെ, കൗൺസലിംഗ് സെഷൻ, യോഗ ക്ലാസുകൾ, ഇൻഡോർ ഗെയിംസ്, ലൈബ്രറി സൗകര്യം, ടെലിവിഷൻ, ചിൽഡ്രൻസ് പാർക്ക് തുടങ്ങി ശാരീരികമായും മാനസികമായുമുള്ള ഉല്ലാസത്തിനുവേണ്ട എല്ലാം ഇവിടെ തീർത്തും സൗജന്യമായി തന്നെ ലഭിക്കുന്നു.
രോഗികൾക്കുവേണ്ട മരുന്നുകളും ആശുപത്രി സ്റ്റോർ മുഖാന്തരം സൗജന്യമായി നൽകുന്നുണ്ട്. ഇതുവരെ ചികിത്സ തേടിയവരിൽ 70 ശതമാനത്തിനു മുകളിൽ ആളുകളും പൂർണമായി ലഹരിവിമുക്തരായി ദൈനദിന ജീവിതം മുന്നോട്ടുനയിക്കുന്നവരാണെന്നു അധികൃതർ പറഞ്ഞു. പാലക്കാട് ജില്ലയ്ക്കു പുറമെ മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുമുള്ള രോഗികൾക്കും സേവനം ലഭ്യമാക്കിവരുന്നുണ്ട്.
കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ കിടത്തിച്ചികിത്സ ലഭ്യമാക്കിയ ലഹരിവിമോചന കേന്ദ്രങ്ങളിൽ ഒന്നാമതാണ് കോട്ടത്തറയിലേത്. സമീപകാലത്ത് ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിനു കീഴിലുള്ള അഡിക്്ഷൻ ട്രീറ്റ്മെന്റ് ഫെസിലിറ്റി സെന്ററായി ദേശീയതലത്തിൽ ശ്രദ്ധനേടാനും കേന്ദ്രത്തിനായി. കേരളത്തില് ആദ്യമായാണ് ഒരുകേന്ദ്രത്തിന് ഇത്തരത്തിൽ ഒരു ബഹുമതി ലഭിക്കുന്നത്.