ഡീക്കൻ അരുൺ വാളിപ്ലാക്കലിന്റെ പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയർപ്പണവും ഇന്ന്
1491758
Thursday, January 2, 2025 1:14 AM IST
വടക്കഞ്ചേരി: കണിച്ചിപരുത വചനഗിരി ഇടവകാംഗം ഡീക്കൻ അരുൺ വാളിപ്ലാക്കലിന്റെ തിരുപ്പട്ടസ്വീകരണവും പ്രഥമദിവ്യബലിയർപ്പണവും ഇന്നു നടക്കും. രാവിലെ 9.30 നു നടക്കുന്ന തിരുപ്പട്ട ശുശ്രൂഷകൾക്ക് ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് മുഖ്യകാർമികത്വം വഹിക്കും.
കൈവയ്പ് ശുശ്രൂഷയിൽ കല്ലേപ്പുള്ളി സെന്റ് മേരീസ് മൈനർ സെമിനാരി റെക്ടർ ഫാ. സജി പനപറമ്പിൽ ആർച്ച് ഡീക്കനാകും. ആലുവ മംഗലപ്പുഴ സെമിനാരി പ്രഫസർ ഫാ.ജെയ്മോൻ പള്ളിനീരാക്കൽ സഹകാർമികനാകും.തിരുപ്പട്ടസ്വീകരണത്തെ തുടർന്ന് നവവൈദികൻ പ്രഥമദിവ്യബലിയർപ്പണം നടത്തും.
പൗരോഹിത്യശുശ്രൂഷകൾക്കെത്തുന്ന ബിഷപ്പിനെയും ഡീക്കൻ അരുൺ വാളിപ്ലാക്കലിനെയും വികാരി ഫാ. ഹെൽബിൻ മീമ്പള്ളിൽ, കൈക്കാരന്മാരായ ഷിബു ഊന്നുപാലത്തിങ്കൽ, ബെന്നി പൊരിയത്ത്, തിരുപ്പട്ട സ്വീകരണ കൺവീനർ ജോസഫ് മുണ്ടാട്ടുചുണ്ടയിൽ എന്നിവരുടെ നേതൃത്വത്തിൽ ഇടവകസമൂഹം സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും.
വചനഗിരി ഇടവകയിലെ വാളിപ്ലാക്കൽ ആന്റണി മാനുവൽ - ബിജി ദമ്പതികളുടെ മകനാണ് ഡീക്കൻ അരുൺ വാളിപ്ലാക്കൽ. സഹോദരങ്ങൾ: അബി, അലീന, ആൻസ്. ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യ എൽപി സ്കൂൾ, വടക്കഞ്ചേരി എവിഎൽപി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ഡീക്കൻ അരുണിന്റെ പ്രാഥമികവിദ്യാഭ്യാസം.
മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി കല്ലേപ്പുള്ളി മൈനർ സെമിനാരിയിൽ പ്രാഥമിക വൈദികപരിശീലനവും തൃശൂർ മേരിമാതാ മേജർ സെമിനാരിയിൽ ഫിലോസഫി പഠനവും പൂർത്തിയാക്കി. പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രലിൽ പ്രായോഗികപരിശീലനം കഴിഞ്ഞ് മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലായിരുന്നു ദൈവശാസ്ത്രപഠനം. വചനഗിരി ഇടവകയിൽനിന്ന് അഭിഷിക്തനാകുന്ന അഞ്ചാമത്തെ വൈദികനാണ് ഡീക്കൻ അരുൺ വാളിപ്ലാക്കൽ.