അപകടഭീഷണിയിൽ കിടന്ന റോഡ് റോളറിന് ശാപമോക്ഷം
1491454
Wednesday, January 1, 2025 3:40 AM IST
ഷൊർണൂർ: പാലക്കാട്-കുളപ്പുള്ളി പ്രധാനപാതയിൽ അപകടഭീഷണി ഉയർത്തി കിടന്നിരുന്ന റോഡ് റോളറിന് ശാപമോക്ഷം. മനിശീരിയിൽ അപകടഭീഷണി ഉയർത്തി കിടന്നിരുന്ന റോഡ് റോളർ നശിച്ചുതീർന്നുകൊണ്ടിരിക്കുകയായിരുന്നു. വാഹനയാത്രികർക്ക് വലിയ അപകടഭീഷണിയാണ് റോഡ് റോളർ ഉയർത്തിയിരുന്നത്.
ഇതിന്റെ കേടുപാടുകൾ തീർക്കുന്ന ജോലിയാണ് തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന റോഡ് റോളർ മനിശീരിയിൽവെച്ച് ഓടികൊണ്ടിരിക്കേ തീപിടിച്ചത്. ഇതോടെ വാഹനം കത്തിനശിച്ചിരുന്നു. വയറിംഗും എൻജിനടക്കമുള്ള ഭാഗങ്ങളും പൂർണമായും കത്തിനശിച്ചതോടെ റോഡ് റോളർ റോഡരികിൽ നിർത്തിയിട്ടു. റോഡിന്റെ വശത്താണെങ്കിലും യാത്രികർക്ക് അപകട ഭീഷണിയായിട്ടാണ് റോഡ്റോളർ പാതയ്ക്കരികിൽ കിടക്കുന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ ഉടമയോട് വാഹനംമാറ്റാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വാഹനത്തിന്റെ എൻജിൻ കേടായതിനാൽ ഇവിടെനിന്ന് മാറ്റാൻപറ്റാത്ത സ്ഥിതിയായിരുന്നു. എൻജിനടക്കമുള്ള ഭാഗങ്ങളുടെ പാർട്സുകൾ ലഭിക്കുന്നതിന് കാലതാമസം നേരിട്ടതാണ് വാഹനം നന്നാക്കാൻ വൈകിയതെന്ന് ഉടമ തൃശൂർ മാടക്കത്തറ സ്വദേശി അനൂപ് പറഞ്ഞു. രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ള ഭാഗമായതിനാൽ വാഹനയാത്രികർക്ക് അടുത്തെത്തിയാൽ മാത്രമേ റോഡ് റോളർ കാണാനാവൂ.
ഇതിനുസമീപത്തായി മൂന്ന് അപകടങ്ങളും സംഭവിച്ചിരുന്നു. വള്ളികൾകയറി കാടുപിടിച്ച നിലയിലായിരുന്നു റോഡ് റോളർ ഉണ്ടായിരുന്നത്. ഇവയെല്ലാം വെട്ടിനീക്കി വൃത്തിയാക്കിയിട്ടുണ്ട്. വട്ടനാൽ-മനിശീരി റോഡിൽനിന്ന് മനിശിരിയിലേക്കുവരുന്ന വാഹനങ്ങൾക്ക് എതിർവശത്തുനിന്ന് വരുന്ന വാഹനങ്ങളെ കാണാൻ പറ്റാത്ത സ്ഥിതിയായിരുന്നു നേരത്തേ. ഇതാണ് അപകടങ്ങൾക്ക് കാരണമായിരുന്നത്.