ചിനക്കത്തൂരിൽ കളംപാട്ട് തുടങ്ങി
1491457
Wednesday, January 1, 2025 3:41 AM IST
ഒറ്റപ്പാലം: ചിനക്കത്തൂരിൽ കളം പാട്ട് തുടങ്ങി. രണ്ടുമാസക്കാലമകലെ ചിനക്കത്തൂർ പൂരം വരുന്നെന്ന സന്ദേശമുണർത്തിയാണ് ചിനക്കത്തൂർക്കാവിൽ കളമെഴുത്തുപാട്ട് തുടങ്ങിയത്.
ഇന്നലെ രാവിലെ ഭഗവതിക്കാവിലെ പാട്ടുകൊട്ടിലിൽ കൂറയിട്ടതോടെയാണ് ദാരികവധം കളംപാട്ടിന്റെ ചടങ്ങുകൾ തുടങ്ങിയത്. ഇത്തവണയും 50 ദിവസമായാണ് കളംപാട്ട് നടക്കുന്നത്. ഓരോ ദിവസവും വൈകുന്നേരം പഞ്ചവർണങ്ങളാൽ കാളീരൂപം വരയ്ക്കും. അത്താഴപൂജയ്ക്ക് ശേഷം വാദ്യത്തിന്റെ അകമ്പടിയിൽ താഴേക്കാവിലെ തിടമ്പ് പാട്ടുകൊട്ടിലിലേക്ക് എഴുന്നള്ളിക്കും.കളംപൂജയ്ക്ക് ശേഷം നന്തുണിമീട്ടിയാണ് പാട്ടുണ്ടാവുക. ശേഷം തിരിയുഴിച്ചിൽ കഴിഞ്ഞ് കോമരത്തിന്റെ കല്പനയോടെ ചടങ്ങിന് വിരാമമാവും.
പൈങ്കുളം സജി കുറുപ്പിന്റെ നേതൃത്വത്തിലാണ് പാട്ട്. കളമെഴുത്തിന് ശേഷം പാട്ടുതാലപ്പൊലിയും തോൽപ്പാവക്കൂത്തിനും തുടക്കമാകും. കൂത്ത് അവസാനിക്കുന്ന രാത്രിയാണ് പൂരം കൊടിയേറ്റം. മാർച്ച് 12നാണ്ചിനക്കത്തൂർ പൂരം.