ജലക്ഷാമം: ഭാരതപ്പുഴയിൽ ചാലുകീറി
1491757
Thursday, January 2, 2025 1:14 AM IST
ഷൊർണൂർ: ജില്ലയുടെ പടിഞ്ഞാറൻമേഖല അകാലത്തിൽ തന്നെ വേനൽ വറുതിയിലേക്ക്. കുടിവെള്ളക്ഷാമം നേരിടാൻ തുടങ്ങിയതോടെ ഭാരതപ്പുഴയിൽ ചാലുകീറി ജലം സമാഹരിക്കാൻ നടപടികൾ തുടങ്ങി. ഭാരതപ്പുഴയിൽ ജലനിരപ്പ് ക്രമതീതമായി കുറഞ്ഞ സാഹചര്യത്തിലാണിത്. പുഴയിൽ ചാലുകീറി പമ്പിംഗ് പ്രദേശത്ത് വെള്ളമെത്തിക്കുന്ന അവസ്ഥ എത്രനാൾ എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു.
ആനക്കര ഉമ്മത്തൂർ ചെറുകിട ജലസേചനപദ്ധതിയിൽനിന്ന് പമ്പിംഗ് മുടങ്ങിയതോടെയാണ് പുഴയിൽ 50 മീറ്റർ ചാലുകീറി വെള്ളമെത്തിച്ചത്. പമ്പിംഗ് പ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞതുമൂലം ഇക്കുറി നാലാംതവണയാണ് പമ്പിംഗ് മുടങ്ങുന്നതെന്ന് കർഷകർ പറയുന്നു. ഇതോടെ, മേഖലയിലെ 60 ഏക്കർ നെൽകൃഷി പ്രതിസന്ധിലാകുകയുംചെയ്തു.
തുക പിരിച്ചെടുത്താണ് പുഴയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണൽമാറ്റി ചാലുകീറി പദ്ധതിപ്രദേശത്ത് വെള്ളമെത്തിച്ചത്. കേന്ദ്ര ജല കമ്മീഷന്റെ കണക്കുകൾപ്രകാരം നിലവിൽ ഭാരതപ്പുഴയിൽ മൂന്നരമീറ്ററിൽ താഴെയാണ് ജലനിരപ്പ്. വേനൽ കനക്കുന്നതോടെ കുടിവെള്ളത്തിനും കാർഷിക ആവശ്യങ്ങൾക്കും വലിയ പ്രതിസന്ധിയാണ് വരാനിരിക്കുന്നത് എന്നാണ് സൂചന.